യുഎസും ഇസ്രായേലും വിതരണം ചെയ്യുന്ന ധാന്യപ്പൊടിയില്‍ ഓക്‌സികോഡോണ്‍ കണ്ടെത്തി; പൈശാചിക കുറ്റകൃത്യമെന്ന് ഫലസ്തീനികള്‍
ഗസ സിറ്റി: ഗസയില്‍ യുഎസും ഇസ്രായേലും നടത്തുന്ന സഹായകേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ധാന്യപ്പൊടി പാക്കറ്റുകളില്‍ ഓക്‌സികോഡോണ്‍ എന്ന മാരക ലഹരിവസ്തു കണ്ടെത്തി. നാലു പേരെങ്കിലും ഗോതമ്പ് പൊടിയില്‍ ഗുളികകള്‍ കണ്ടെത്തി. ധാന്യപ്പൊടിയില്‍ ഗുളികകള്‍ പൊടിച്ചു ചേര്‍ത്തതായും സംശയിക്കുന്നുണ്ട്. ഫലസ്തീനികളെ ലഹരിക്ക് അടിമയാക്കി സാമൂഹിക സംവിധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫലസ്തീനി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന വിവാദ സംഘടനയെ ഉപയോഗിച്ച് മേയ് 27 മുതല്‍ യുഎസും ഇസ്രായേലും ഗസയില്‍ 'സഹായം' നല്‍കുന്നുണ്ട്. അത്തരം കേന്ദ്രങ്ങളില്‍ സഹായം തേടി പോവുന്നവരെ ഇസ്രായേലി സൈന്യം വെടിവയ്ക്കുന്നുമുണ്ട്. ഇതുവരെ 549 ഫലസ്തീനികളെ ഇത്തരം കേന്ദ്രങ്ങളുടെ സമീപം വച്ച് വെടിവച്ചു കൊന്നിട്ടുണ്ട്. ഏകദേശം നാലായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.