പോലിസ് അതിക്രമം ഭയന്ന് നഹാല്‍ ഗ്രാമത്തിലെ 400 കുടുംബങ്ങള്‍ വീട് പൂട്ടി പോയെന്ന് റിപോര്‍ട്ട്
ഗാസിയാബാദ്: പോലിസ് അതിക്രമം ഭയന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ നഹാല്‍ ഗ്രാമത്തിലെ 400 കുടുംബങ്ങള്‍ വീട് പൂട്ടി പോയെന്ന് റിപോര്‍ട്ട്. പ്രദേശത്ത് ഇപ്പോള്‍ ഏതാനും വീടുകളില്‍ മാത്രമേ ആള്‍ത്താമസമുള്ളൂയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. രണ്ട് മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളൊന്നും തുറന്നിട്ടുമില്ല.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഖദീര്‍(22) എന്നയാളെ പിടികൂടാന്‍ കഴിഞ്ഞ ദിവസം വന്‍ പോലിസ് സന്നാഹം ഗ്രാമത്തില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് പോലിസുമായി ഏറ്റുമുട്ടലുണ്ടായി. വെടിവയ്പില്‍ കോണ്‍സ്റ്റബിളായ സൗരഭ് കുമാര്‍ കൊല്ലപ്പെട്ടു. ഖദീറിനെയും സംഘാംഗങ്ങളെയും പോലിസ് അറസ്റ്റ് ചെയ്തു. പക്ഷേ, കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ കേസെടുത്തപ്പോള്‍ നിരവധി പ്രതികളുണ്ടെന്ന സൂചന നല്‍കി. ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്യുകയും 42 പേരെ കരുതല്‍ തടങ്കലില്‍ ആക്കുകയും ചെയ്തു.
കാലില്‍ വെടിയേറ്റ നിലയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതേതുടര്‍ന്നാണ് ഏകദേശം 400 കുടുംബങ്ങള്‍ ഗ്രാമം വിട്ടുപോയതെന്ന് പറയപ്പെടുന്നു. ഗ്രാമത്തിലും പരിസരത്തുമായി 10,000 പേര്‍ ജീവിക്കുന്നുണ്ടെന്നും 95 ശതമാനവും മുസ്‌ലിംകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് തസവാര്‍ അലി പറഞ്ഞു. ബാക്കിയുള്ളവര്‍ ദലിത് സമുദായങ്ങളില്‍ നിന്നുള്ളവരാണ്. വിഷയത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കാണുമെന്ന് തസവാര്‍ അലി പറഞ്ഞു.
താന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വാതില്‍ പൊളിച്ച് 35 പോലിസുകാര്‍ അകത്ത് വന്നെന്ന് ഗ്രാമവാസിയായ ബാബു ഖാന്‍(65) പറഞ്ഞു. ഒരു കാല്‍ തളര്‍ന്ന ബാബു ഖാനെ പിടിച്ച് ഉന്തിയാണ് പോലിസുകാര്‍ പോയത്. പ്രായം പരിഗണിച്ച് ഒന്നും ചെയ്യുന്നില്ലെന്നും പോലിസുകാര്‍ പറഞ്ഞു. കുറ്റവാളികളെ പിടിക്കുന്നതിന് പകരം നിരപരാധികളെ പോലിസ് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീടിന്റെ ടെറസിലൂടെ വന്നാണ് പോലിസ് സംഘം നോയ്ഡയില്‍ ഇന്റീരിയര്‍ ഡിസൈനറായ മുഹമ്മദ് സുബൈറിനെ പിടികൂടി കൊണ്ടുപോയത്. പോലിസ് കിടപ്പുമുറിയില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മുഹമ്മദ് സുബൈറിന്റെ ഭാര്യ പറഞ്ഞു.
