വൈദ്യുതോല്‍പ്പാദന കേന്ദ്രത്തിന് വേണ്ടി 2000 മിയാ മുസ്‌ലിംകളെ കുടിയൊഴിപ്പിച്ചു

Update: 2025-07-09 04:30 GMT

ഗുവാഹതി: അസമിലെ ധുബ്രി ജില്ലയിലെ ബിലാഷിപാരയില്‍ 2000 മിയാം മുസ്‌ലിംകളെ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചു. താപ വൈദ്യുതോല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനാണ് കുടിയൊഴിപ്പിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടി പൂര്‍ത്തിയായാല്‍ ഏകദേശം പതിനായിരം മിയാ മുസ്‌ലിംകള്‍ ഭൂരഹിതരാവും. ഈ താപ വൈദ്യുത നിലയം കൊക്രജാറില്‍ നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, അദിവാസികള്‍ പ്രതിഷേധിച്ചതോടെ സര്‍ക്കാര്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് മിയാ മുസ്‌ലിംകള്‍ കൂടുതലുള്ള ധുബ്രി ജില്ലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.





 കഴിഞ്ഞ ദിവസം അധികൃതര്‍ വന്ന് വീടൊഴിയാന്‍ ആവശ്യപ്പെട്ടെന്ന് പ്രദേശവാസിയായ അജിരാന്‍ നെസ്സ പറഞ്ഞു. വീട് അവര്‍ പൊളിച്ചു. കൈയ്യില്‍ ആകെയുള്ളത് 5000 രുപയാണ്. അതുമായി എന്താണ് ചെയ്യുകയെന്നും നെസ്സ ചോദിക്കുന്നു. ഓരോ വീട്ടുകാര്‍ക്കും അര ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ ഒരു നദിയുടെ തീരത്ത് പ്രളയ ഭീഷണിയുള്ള അല്‍പ്പം സ്ഥലവും വാഗ്ദാനം ചെയ്തിരിക്കുന്നു.


അദാനി ഗ്രൂപ്പിന്റെ ഡയറക്ടറായ ജീത് അദാനി ഏപ്രില്‍ 22ന് സ്ഥലത്ത് വന്നിരുന്നതായി പ്രദേശവാസിയായ അബ്ദുല്‍ റാഷിദ് ഷെയ്ഖ് പറഞ്ഞു. അതിനാല്‍ തന്നെ അദാനിക്ക് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് ഷെയ്ഖിന്റെ വിശ്വാസം. ഇത് വികസനമല്ലെന്നും ഹിമാന്ത ബിശ്വ സര്‍ക്കാര്‍ മിയാ മുസ്‌ലിംകളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 1981ല്‍ ബ്രഹ്‌മപുത്ര പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇവിടെയെത്തിയ അജഹര്‍ അലിയും ഇത്തവണ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നുണ്ട്.


അജഹര്‍ അലി

ഏകദേശം 3000 പോലിസുകാരും 200 ബുള്‍ഡോസറുകളുമായാണ് റെവന്യു സംഘം വീടുകള്‍ പൊളിക്കാനെത്തിയിരുന്നത്. ചാരുവബഖ്‌റ ഗ്രാമത്തില്‍ വീടൊഴിയാന്‍ സമ്മതിക്കാതിരുന്ന മസിയ ഖാതും, റുമിയ ഖാതും, ഹഫീസ ഖാതും എന്നീ സ്ത്രീകളെ പോലിസ് വെടിവയ്ക്കുകയും ചെയ്തു. അസം സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മുസ്‌ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്ന് പ്രദേശത്തെ സിപിഎം നേതാവായ സുപ്രകാശ് താലൂക്ക്ദാര്‍ പറഞ്ഞു.

'ഭൂമിയും പൊതുവിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ കുടിയൊഴിപ്പിക്കല്‍ നീക്കം. മിയകളില്‍ നിന്നും അസമിനെ രക്ഷിക്കണമെന്ന ദേശസ്‌നേഹ നടപടിയായ് ഇതിനെ ബിജെപി ചിത്രീകരിക്കുന്നു.''-സുപ്രകാശ് താലൂക്ക്ദാര്‍ പറഞ്ഞു.