വഖ്ഫ് നിയമത്തിനെതിരായ പ്രതിഷേധം; മഹാരാഷ്ട്രയില്‍ 2,000 പേര്‍ അറസ്റ്റ് വരിച്ചു
മുംബൈ: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ പ്രതിഷേധിച്ച 2000ത്തില്‍ അധികം പേരെ പോലിസ് അറസ്റ്റ് ചെയ്തു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ ജയില്‍ നിറക്കല്‍ സമരത്തിന്റെ ഭാഗമായി തെഹാഫസ് ഔഖാഫ് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിലാണ് അറസ്റ്റ്. ധര്‍ണയ്ക്ക് ശേഷമാണ് 2000 പേര്‍ അറസ്റ്റ് വരിച്ചത്. പിന്നീട് തെഹാഫസ് ഔഖാഫ് കമ്മിറ്റി പ്രസിഡന്റ് മുഫ്തി ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം അഡീഷണല്‍ കലക്ടര്‍ ശ്രീമന്ത് ഹര്‍ക്കറിനെ കണ്ട് നിയമത്തിനെതിരേ നിവേദനം നല്‍കി. രാഷ്ട്രപതിക്ക് നല്‍കാനാണ് നിവേദനം.
വഖ്ഫ് ഭേദഗതി നിയമം പിന്‍വലിക്കണം, വഖ്ഫ് സ്വത്തുക്കളിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അവസാനിപ്പിക്കണം, സമുദായം വഖ്ഫ് സ്വത്തുക്കള്‍ നടത്തുന്ന സംവിധാനം വേണം, വഖ്ഫ് കൈയ്യേറ്റത്തിനെതിരേ കര്‍ശന നടപടി വേണം, വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മതത്തില്‍ നുഴഞ്ഞുകയറുന്നതാണെന്ന് മുഫ്തി ഖാലിദ് പറഞ്ഞു. ബഹുജന്‍ ക്രാന്തി മോര്‍ച്ച എന്‍സിപി, വഞ്ചിത് ബഹുജന്‍ അഗാഡി എന്നിവര്‍ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യങ്ങള്‍ അട്ടിമറിക്കാന്‍ മനുവാദി-സംഘി പ്രത്യയശാസ്ത്രം ശ്രമിക്കുകയാണെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി ജില്ലാ പ്രസിഡന്റ് ശമീബ ഭാനുദാസ് പറഞ്ഞു.
