'' ഇരയോട് സഹതാപമുണ്ട്, പക്ഷെ, ആദ്യം ഹൈക്കോടതിയെ സമീപിക്കണം'': ഗുജറാത്ത് പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ച മുസ്‌ലിം കൗമാരക്കാരന്റെ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: പതിനേഴു വയസ് പ്രായമുള്ള മുസ്‌ലിം കൗമാരക്കാരനെ ഗുജറാത്ത് പോലിസ് കസ്റ്റഡിയില്‍ എടുത്ത് ലൈംഗികമായും ശാരീരീകമായും പീഡിപ്പിച്ച സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇരയോട് സഹതാപമുണ്ടെന്നും പക്ഷേ, ആദ്യം ഹൈക്കോടതിയെ സമീപിക്കണമെന്നും ഹരജിക്കാരിയായ കൗമാരക്കാരന്റെ സഹോദരിയോട് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി കേസ് ഉചിതമായ രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ അപ്പീലുമായി വരണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍, കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് അടിയന്തരമായി രൂപീകരിക്കണമെന്ന് അഭിഭാഷകയായ രോഹിന്‍ ഭട്ട് ആവശ്യപ്പെട്ടു. പോലിസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഹൈക്കോടതിയില്‍ എത്രയും വേഗം ഹരജി നല്‍കൂയെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.
2025 ആഗസ്റ്റ് 19 മുതല്‍ 28 വരെ പതിനേഴുകാരനെ പോലിസുകാര്‍ കസ്റ്റഡിയില്‍ എടുത്തെന്നും ആറു പോലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് ഹരജി പറയുന്നത്. പതിനേഴുകാരനെ പോലിസ് ഒരിക്കല്‍ പോലും ജുവനൈല്‍ ബോര്‍ഡിനു മുന്നിലോ കോടതിയിലോ ഹാജരാക്കിയില്ല. നിലവില്‍ സെയ്ദൂസ് ആശുപത്രിയില്‍ കുട്ടി ചികില്‍സയിലാണ്. വൃക്കകള്‍ തകരാറായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്. മൈനോറിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സന്നദ്ധസംഘടന ഗുജറാത്ത് ഡിജിപിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
