സര്‍ക്കാര്‍ വീട് തകര്‍ത്ത മാധ്യമപ്രവര്‍ത്തകന് ഭൂമി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍
ശ്രീനഗര്‍: സര്‍ക്കാര്‍ വീട് പൊളിച്ചു മാറ്റിയ മാധ്യമപ്രവര്‍ത്തകന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വന്തം ഭൂമി ദാനം ചെയ്തു. ജമ്മുവിലെ ജുവല്‍ പ്രദേശത്തെ അര്‍ഫാസ് അഹമദ് ദയിങ് എന്ന മാധ്യമപ്രവര്‍ത്തകനാണ് സാമൂഹിക പ്രവര്‍ത്തകനായ കുല്‍ദീപ് ശര്‍മ സ്വന്തം ഭൂമി ദാനം ചെയ്തത്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയാണ് ഭൂമി ദാനം ചെയ്തതെന്ന് കുല്‍ദീപ് ശര്‍മ പറഞ്ഞു.
ജമ്മുവിലെ ഒരു ഡിവൈഎസ്പിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അര്‍ഫാസിന്റെ വീട് പൊളിച്ചത്. സര്‍ക്കാര്‍ ഭൂമിയിലാണ് വീടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതോടെ ചന്നി പ്രദേശത്ത് ടാര്‍പോളിന്‍ കെട്ടി അര്‍ഫാസ് താമസം തുടങ്ങി. ഇതോടെയാണ് കുല്‍ദീപ് ശര്‍മ തന്റെ ഭൂമി ദാനം ചെയ്യാന്‍ തീരുമാനിച്ചത്.'' തെണ്ടിയിട്ടായാലും ഞാന്‍ വീട് വച്ചുകൊടുക്കും. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടക്കുകയാണ്. നമ്മുടെ സാഹോദര്യം എക്കാലവും നിലനില്‍ക്കണം.''-ശര്‍മ പറഞ്ഞു.
'' അര്‍ഫാസിന്റെ മക്കള്‍ റോഡില്‍ നില്‍ക്കുകയാണ്. ഗവണ്‍മെന്റിന് നാണമില്ലേ, പൗരന്‍മാരുടെ വീടുകള്‍ തകര്‍ക്കുന്നത് എന്തിനാണ്?''-ശര്‍മ ചോദിച്ചു.