വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തെ കുറിച്ചുള്ള ചിത്രത്തിന് ഓസ്‌കാര്‍

Update: 2025-03-03 03:52 GMT

ലോസ് എയ്ഞ്ചലസ്: വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തെ കുറിച്ചുള്ള 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മസാഫര്‍ യാത്ത എന്ന പ്രദേശത്ത് നിന്ന് ഫലസ്തീനികളെ ഇസ്രായേല്‍ കുടിയൊഴിപ്പിക്കുന്നതിനെ സംബന്ധിച്ച ഈ ഡോക്യുമെന്ററി 2019-2023 കാലത്താണ് ഫലസ്തീനി-ഇസ്രായേലി കളക്ടീവ് ചീത്രീകരിച്ചത്.


Full View

പുരസ്‌കാരം നല്‍കിയതിന് നിര്‍മാതാക്കള്‍ അക്കാദമിയ്ക്ക് നന്ദി പറഞ്ഞു. താന്‍ അടുത്തിടെ ഒരു പിതാവായെന്നും തന്റെ മകളുടെ ജീവിതം തന്റെ ജീവിതം പോലെയാകരുതെന്നും സഹസംവിധായകന്‍ ബാസല്‍ അദ്ര ചടങ്ങില്‍ പറഞ്ഞു. ''കുടിയേറ്റക്കാരില്‍ നിന്നുണ്ടാകുന്ന അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ തുടങ്ങിയ ഭയത്തിലാണ് എപ്പോഴും മസാഫര്‍ യാത്തയിലെ ജനങ്ങള്‍. ഇസ്രയേലിന്റെ ബലം പ്രയോഗിച്ചുള്ള കടന്നുകയറ്റമാണ് എല്ലാദിവസവും അവിടെ നടക്കുന്നത്. ഫലസ്തീന്‍ ജനത നേരിടുന്ന അനീതിയും വംശീയ ഉന്മൂലനവും തടയാന്‍ ലോകം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ഫലസ്തീനികളും ഇസ്രായേലികളും ഒരുമിച്ചാണ് ഈ സിനിമ നിര്‍മിച്ചതെന്ന് മറ്റൊരു സഹസംവിധായകനായ യുവാല്‍ എബ്രഹാം വേദിയിലെത്തി പറഞ്ഞു. ''ഒരുമിച്ച് നിന്നാല്‍ നമ്മുടെ ശബ്ദം ശക്തമാണ്. ഗസയേയും അവിടത്തെ ജനങ്ങളെയും നശിപ്പിക്കുന്നത് അവസാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. യുഎസിന്റെ വിദേശനയമാണ് സമാധാനത്തിന് തടസം.''- യുവാല്‍ എബ്രഹാം പറഞ്ഞു.

നേരത്തെയും 'നോ അദര്‍ ലാന്‍ഡ്' അന്താരാഷ്ട്രവേദികളില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2024ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും 'നോ അദര്‍ ലാന്‍ഡ്' നേടിയിരുന്നു. എന്നാല്‍, ഈ ചിത്രത്തിന് യുഎസില്‍ ഡിസ്ട്രിബ്യൂട്ടറെ കിട്ടിയില്ല. സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണ് ഇതുണ്ടായത്.

മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ ഷോണ്‍ ബേക്കര്‍  സംവിധാനം ചെയ്ത 'അനോറ' സ്വന്തമാക്കി. മൈക്കി മാഡിസന്‍ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണ്. 'ദ് ബ്രൂട്ടലിസ്റ്റിലെ' പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു.


ഷോണ്‍ ബേക്കര്‍


ഏഡ്രിയന്‍ ബ്രോഡി

'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കള്‍ക്കിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. 'എമിലിയ പെരസി'ലൂടെ സോയി സല്‍ദാന മികച്ച സഹനടിയായി. 'ഫ്‌ലോ' ആണ് മികച്ച അനിമേറ്റഡ് ചിത്രം. ബ്രസീലിയന്‍ ചിത്രമായ 'ഐ ആം സ്റ്റില്‍ ഹിയര്‍' ആണ് മികച്ച ഇതരഭാഷാ ചിത്രം.