കോര്‍പറേറ്റ് ജോലി രാജിവച്ച് പൂച്ചയുമായി ശാന്തസമുദ്രത്തില്‍ കറങ്ങി യുവാവ് (വീഡിയോ)
ഹോനലുലു(യുഎസ്): കോര്‍പറേറ്റ് ജോലി രാജിവച്ച് പൂച്ചയുമായി ശാന്തസമുദ്രത്തില്‍ കറങ്ങുന്ന യുവാവിന്റെ വീഡിയോ വൈറലാവുന്നു. യുഎസിലെ ഒറിഗോണ്‍ സ്വദേശിയായ ഒലിവര്‍ വിഡ്ജറാണ് ഫീനിക്‌സ് എന്ന പൂച്ചയുമായി ബോട്ടില്‍ ശാന്തസമുദ്രത്തില്‍ കറങ്ങുന്നത്. ഇതിന്റെ വീഡിയോകളും കഥകളും ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയാണ്.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള ജോലി ഉപേക്ഷിച്ചാണ് ഒലിവര്‍ റിഡ്ജ് ഫീനിക്‌സുമായി യാത്ര പോവാന്‍ തീരുമാനിച്ചത്. '' ഒരു വര്‍ഷം 1.28 കോടി രൂപ ലഭിച്ചാലും ചെലവുകള്‍ മുട്ടുക മാത്രമാണ് ചെയ്യുക. എത്ര കഠിനമായി അധ്വാനിച്ചിട്ടും ഒരു മാറ്റവുമുണ്ടായില്ല. എങ്ങനെയെങ്കിലും ഇത്തരം ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നാണ് നിരവധി പേര്‍ കരുതുന്നത്.''-29കാരനായ ഒലിവര്‍ പറഞ്ഞു.
Man quits his job to sail from Oregon to Hawaii with his cat after health diagnosis. pic.twitter.com/cVCJyX5Zyc
— The Associated Press (@AP) May 16, 2025
ഒറിഗോണില്‍ ഒരു ടയര്‍ കമ്പനിയില്‍ മാനേജരായിരുന്നു ഒലിവര്‍. ഒരിക്കല്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഒലിവറിന്റെ കഴുത്തില്‍ പരിക്ക് പറ്റി. ശരീരം തളര്‍ന്നു പോവാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതോടെയാണ് ജോലി ഉപേക്ഷിച്ച് ഇഷ്ടം പോലെ ജീവിക്കാന്‍ ഒലിവര്‍ തീരുമാനിച്ചത്. ശാന്തസമുദ്രം മറികടക്കണമെന്ന കുട്ടിക്കാലത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ജോലിയില്‍ നിന്നു പിരിഞ്ഞുപോരുമ്പോള്‍ ലഭിച്ച പണം ഉപയോഗിച്ച് ഒരു പഴയ ബോട്ട് വാങ്ങി. യൂട്യൂബ് വീഡിയോകള്‍ കണ്ട് ബോട്ടില്‍ അറ്റകുറ്റ പണികള്‍ നടത്തി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഫീനിക്‌സിനെയും എടുത്തു. സെയിലിങ് വിത്ത് ഫീനിക്‌സ് എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്.
'' ഒരിക്കല്‍ അസാധ്യമാണെന്ന് കരുതിയതെല്ലാം ഞാന്‍ ചെയ്തു. കടലിലൂടെ ലോകമെമ്പാടും സഞ്ചരിക്കുക എന്നത് അസാധ്യമാണെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ, നിങ്ങളുടെ സ്വപ്‌നം എന്തു തന്നെയായാലും അതിലേക്ക് പോവൂ, ചെയ്യൂ''- ഒലിവര്‍ പറയുന്നു.
