ന്യൂഡല്‍ഹി: മുഹമ്മദന്‍ നിയമപ്രകാരമുള്ള വാക്കാലുള്ള ഹിബ (സമ്മാനം) നിയമപരമാണെന്ന് സുപ്രിംകോടതി. നൂറ്റാണ്ടുകളായി പ്രാബല്യത്തിലുള്ള വ്യവസ്ഥ പ്രകാരം സമ്മാനം നല്‍കുമ്പോള്‍ അത് രേഖാമൂലം ഉറപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുല്ല, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ഒരു കാര്‍ഷിക ഭൂമി സമ്മാനമായി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലെ അപ്പീലാണ് കോടതിയില്‍ എത്തിയത്. എന്നാല്‍, വാമൊഴിയായ ഹിബ നിയമപരമാവുന്നതിന് മൂന്നു കാര്യങ്ങള്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.
ഒന്നാമതായി, സമ്മാനം നല്‍കാനുള്ള ദാതാവിന്റെ ആഗ്രഹം വ്യക്തമായി പ്രകടിപ്പിച്ചിരിക്കണം. രണ്ടാമതായി, സമ്മാനം സ്വീകരിക്കുന്നയാള്‍ അത് യഥാര്‍ത്ഥത്തിലോ പ്രതീകാത്മകമായോ സ്വീകരിക്കണം. മൂന്നാമതായി, സമ്മാനം സ്വീകരിക്കുന്നയാള്‍ അത് യഥാര്‍ത്ഥത്തിലോ രേഖാപരമായോ കൈവശപ്പെടുത്തണം.
സമ്മാനം യഥാര്‍ത്ഥമാണെന്ന് സ്ഥാപിക്കുന്നതിന് കൈവശാവകാശ തെളിവ്-ഉദാഹരണത്തിന് വാടക ഈടാക്കല്‍, ഉടമസ്ഥാവകാശം, ഔദ്യോഗിക രേഖകളില്‍ മാറ്റങ്ങള്‍ തുടങ്ങിയവ ആവശ്യമാണെന്നും കോടതി വിശദീകരിച്ചു. മുഹമ്മദീയ നിയമം വാമൊഴിയായി സമ്മാനങ്ങള്‍ നല്‍കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സ്വത്തിന്റെ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് കാണിക്കുന്ന തുടര്‍ച്ചയായതും വിശ്വസനീയവുമായ തെളിവുകള്‍ കോടതികള്‍ അന്വേഷിക്കും. സമ്മാനം നല്‍കിയെന്ന് പറയുന്ന സ്വത്തില്‍ ദാതാവിന് നിയന്ത്രണമുണ്ടെന്ന് കണ്ടെത്തിയാല്‍ രേഖാമൂലമുള്ള പ്രഖ്യാപനം നിലവിലുണ്ടെങ്കില്‍ പോലും സമ്മാനം സാധുവായി കണക്കാക്കില്ലെന്നും കോടതി വിശദീകരിച്ചു.
കൈവശാവകാശം കൈമാറുന്നത് സമ്മാനം നല്‍കുന്നതില്‍ നിര്‍ണായകവും ആവശ്യമായതുമായ ഘടകമാണ്. അത് യഥാര്‍ത്ഥത്തിലോ രേഖാപരമായോ ആകാം. സ്വത്തിന്റെ നിയന്ത്രണം കൈമാറാനുള്ള ദാതാവിന്റെ വ്യക്തമായ ഉദ്ദേശ്യം കാണിക്കുന്ന പ്രവൃത്തികളിലൂടെ കൈവശാവകാശം തെളിയിക്കാന്‍ കഴിയും. ഉദാഹരണത്തിന്, സമ്മാനം സ്വീകരിക്കുന്നയാളുടെ പേരില്‍ അത് രജിസ്റ്റര്‍ ചെയ്ത് നല്‍കല്‍. ഇനി സമ്മാനം നല്‍കിയ ആള്‍ തന്നെ ആ സ്വത്തില്‍ നിന്ന് വാടക സ്വീകരിക്കുന്നത് തുടരുകയോ രേഖകളില്‍ കൈവശാവകാശം മാറ്റുകയോ ചെയ്തിട്ടില്ലെങ്കില്‍ സമ്മാനം അസാധുവാണെന്നതിന്റെ തെളിവാണെന്നും കോടതി വിശദീകരിച്ചു.

