നിയമസഭയില്‍ 'പോറ്റിയെ കേറ്റിയേ' പാട്ടുമായി പ്രതിപക്ഷം

Update: 2026-01-22 04:28 GMT

തിരുവനന്തപുരം: ശബരിമലക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പാടി. പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമുയര്‍ത്തിയാണ് പ്രതിഷേധം. ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് പറഞ്ഞു. 'പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്''- രാജേഷ് പറഞ്ഞു.