ഗസയ്‌ക്കെതിരായ ഉപരോധം നാലു ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്രായേലിനെതിരേ സൈനികനടപടി പുനരാരംഭിക്കും: സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി
സന്‍ആ: ഗസയ്‌ക്കെതിരായ ഉപരോധം നാലുദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്രായേലിനെതിരേ സൈനിക നടപടി പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂത്തികള്‍. ഫലസ്തീനികള്‍ക്ക് പ്രസ്താവനകള്‍ കൊണ്ട് പിന്തുണ നല്‍കുന്ന പ്രസ്ഥാനം മാത്രമല്ല അന്‍സാര്‍ അല്ലാഹ് എന്ന് സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി പറഞ്ഞു. ഫലസ്തീനികള്‍ക്ക് നേരിട്ടുള്ള പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്. ഗസയിലേക്കുള്ള ഭക്ഷണവും മറ്റു സാമഗ്രികളും ഇസ്രായേല്‍ തടയുന്നത് ഒഴിവാക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിച്ചവര്‍ ശ്രമിക്കണം. നാലുദിവസത്തിനുള്ളില്‍ ഗസയ്‌ക്കെതിരായ ഉപരോധം അവസാനിച്ചില്ലെങ്കില്‍ ഇസ്രായേലിനെതിരായ നാവിക ഉപരോധം പുനരാരംഭിക്കും. ഗസയിലെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണമായും പാലിച്ചു. പക്ഷേ, ഇസ്രായേല്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല. യുഎസ് സര്‍ക്കാരിന്റെ പിന്തുണയാണ് ഫലസ്തീനികള്‍ക്കെതിരായ സയണിസ്റ്റ് അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.