ഇസ്രായേലിനെതിരായ നടപടികള്‍ പ്രകടമായ ഫലങ്ങളുണ്ടാക്കുന്നു: അന്‍സാറുല്ല

Update: 2025-05-23 03:52 GMT

സന്‍ആ: ഇസ്രായേലിനെതിരായ യെമന്റെ ആക്രമണങ്ങള്‍ പ്രകടമായ ഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് അന്‍സാറുല്ലയുടെ രാഷ്ട്രീയകാര്യ സമിതി അംഗം മുഹമ്മദ് അല്‍ ഫറാ. കഴിഞ്ഞ ദിവസം ഹൈഫയില്‍ നടത്തിയ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അത്തരം ആക്രമണങ്ങളുണ്ടാവും. എലിയാത് തുറമുഖം പ്രവര്‍ത്തനരഹിതമാക്കിയത് പോലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളവും ഹൈഫ തുറമുഖവും പ്രവര്‍ത്തനരഹിതമാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ആക്രമണവും രാഷ്ട്രീയ-സുരക്ഷാ ഫലം പരിശോധിച്ചാണ് നടത്തുന്നത്. ആക്രമണങ്ങള്‍ ജൂത കുടിയേറ്റക്കാരുടെ മനസില്‍ ഭയം വിതച്ചിട്ടുണ്ട്. ഞങ്ങളുടെ ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ വിനോദസഞ്ചാരത്തിന് പോവുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെങ്കടലിലെ ഉപരോധം ഇസ്രായേലിന് വലിയ പ്രതിസന്ധിയുണ്ടാക്കി. ഇസ്രായേലില്‍ അഫിലിയേറ്റ് ചെയ്യാത്ത ഏതു കപ്പലിനും ചെങ്കടലിലൂടെ പോവാം. ദുര്‍ബലത പ്രകടിപ്പിച്ചാണ് ചില അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച്ച മാത്രം ഇസ്രായേലിലേക്ക് എട്ട് ബാലിസ്റ്റിക്-ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചെന്ന് അന്‍സാറുല്ല നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയും പറഞ്ഞു. മൂന്നെണ്ണം ബെന്‍ഗുരിയോണ്‍ വിമാനത്താവളം എന്നറിയപ്പെടുന്ന ലുദ്ദിലേക്കാണ് അയച്ചത്. ഇസ്രായേലിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അപായമണി മുഴങ്ങി. ലക്ഷക്കണക്കിന് ജൂത കുടിയേറ്റക്കാര്‍ ബങ്കറില്‍ ഒളിച്ചു.അടുത്തിടെ ഒരു ആക്രമണം നടത്തിയപ്പോള്‍ യുഎസ് ജന പ്രതിനിധി സഭയിലെ ഒരു അംഗം കോഴി ഫാമിലെ ഫ്രിഡ്ജിലാണ് ഒളിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.