മറ്റത്തൂരില്‍ ഓപ്പറേഷന്‍ താമര? എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപി പിന്തുണയുള്ള അംഗത്തെ പ്രസിഡന്റാക്കി

Update: 2025-12-27 11:40 GMT

തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളും കൂട്ടമായി പാര്‍ട്ടിയില്‍നിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് കത്തുനല്‍കിയ ഇവര്‍ ശേഷം ബിജെപിക്കൊപ്പം ചേര്‍ന്നു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മൊത്തം 24 അംഗങ്ങളാണുള്ളത്. പത്ത് അംഗങ്ങളുമായി എല്‍ഡിഎഫായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. രണ്ടു സ്വതന്ത്രരും കോണ്‍ഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്കിടെ 8 കോണ്‍ഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചു. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.

വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചത്. ശേഷം ബിജെപിയുമായി ചേര്‍ന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയായിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടുകെട്ടുണ്ടായതെന്നാണ് അവരുടെ പ്രചാരണം. അതേസമയം, ബിജെപിയുമായി കൂട്ടുചേര്‍ന്നതില്‍ വിയോജിപ്പുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റത്തൂരില്‍ പ്രകടനം നടത്തി.