സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ഗണേഷ്‌കുമാര്‍ -ചാണ്ടി ഉമ്മന്‍
കൊല്ലം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. പത്തനാപുരം മാങ്കോട് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനുപിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്നും ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മന്‍ചാണ്ടി നീതിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ്‌കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്രചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ബാലകൃഷ്ണപിള്ളയുമായി ഉമ്മന്‍ചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. പക്ഷേ, ഗണേഷ്‌കുമാറില്‍നിന്ന് ഇതുപോലുള്ള നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, സി.ആര്‍. നജീബ്, എം.എ. സലാം, അജിത് കൃഷ്ണ, ഷീജ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.