ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ്: മൂന്നുപേര്‍ അറസ്റ്റില്‍, മുഖ്യപ്രതി ബാങ്ക് ജോലി ഒഴിവാക്കിയ ആളെന്ന് പോലിസ്

Update: 2025-12-10 01:22 GMT

ഗുരുവായൂര്‍: ഓണ്‍ലൈന്‍ സെക്‌സ്റാക്കറ്റ് സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. വാട്സ്ആപ്പ് കമ്യൂണിറ്റികള്‍ വഴി സെക്‌സ് വാണിഭം നടത്തിവന്ന സംഘമാണിത്. കേസിലെ ഒന്നാംപ്രതിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്‍മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ്(24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് മരോട്ടിക്കല്‍ വീട്ടില്‍ എം ജെ ഷോജിന്‍(21), ഗുരുവായൂര്‍ പടിഞ്ഞാറേനടയിലെ ലോഡ്ജ് ജീവനക്കാരന്‍ പാലക്കാട് പെരിങ്ങോട് അയിനിക്കാട്ട് രഞ്ജിത്ത്(41) എന്നിവരാണ് അറസ്റ്റിലായത്. ടെമ്പിള്‍സ്റ്റേഷന് എതിര്‍വശത്തെ ലോഡ്ജില്‍നിന്നാണ് അജയ് വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഏജന്റുമാരെ പറ്റി വിവരം ലഭിച്ചത്. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന്‍ ഒരു സ്ത്രീയാണ്. അവരെയും മറ്റ് ഏജന്റുമാരെയും പറ്റി അന്വേഷണം ഊര്‍ജിതമാക്കി.

'ഓള്‍ കേരള റിയല്‍ മീറ്റ് സര്‍വീസ്' (ആര്‍എംഎസ്) എന്ന പേരിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്. കേരളത്തിലെ പല ലോഡ്ജുകളിലെയും ജീവനക്കാര്‍ സെക്‌സ്റാക്കറ്റ് സംഘവുമായി രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഒന്നാംപ്രതി ബാങ്ക് ജോലി ലഭിച്ചിട്ടും അതൊഴിവാക്കിയാണ് ഈ പ്രവൃത്തി ചെയ്തതെന്നും പോലിസ് അറിയിച്ചു.