ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാള്‍ത്തലേന്ന് മരിച്ചു

Update: 2026-01-02 02:52 GMT

തൃശൂര്‍: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാള്‍ത്തലേന്ന് മരിച്ചു. റോഡരികിലെ മണ്‍കൂനയില്‍ ഓട്ടോ കയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വരടിയം കൂപ്പ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇരവിമംഗലം നടുവില്‍പറമ്പില്‍ റിന്‍സന്റെയും റിന്‍സിയുടെയും മകള്‍ എമിലിയ ആണ് മരിച്ചത്. വെള്ളിയാഴ്ച ഒന്നാംപിറന്നാള്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന എമിലിയുടെ അമ്മ റിന്‍സിക്കും സഹോദരന്‍ ആറുവയസ്സുകാരന്‍ എറിക്കിനും അമ്മയുടെ പിതാവ് മേരിദാസനും ചെറിയ പരിക്കുണ്ട്. എമിലിയക്ക് തലയ്ക്കാണ് പരിക്കുപറ്റിയത്. ഇരവിമംഗലത്ത് താമസിക്കുന്ന കുടുംബം അമ്മ റിന്‍സിയുടെ വരടിയത്തെ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. കാനപണിയുടെ ഭാഗമായി റോഡരികില്‍ മണ്‍കൂനകള്‍ ഉണ്ടായിരുന്നു. കാനപണി കഴിഞ്ഞെങ്കിലും മണ്ണ് മാറ്റിയിരുന്നില്ല. ഓട്ടോറിക്ഷ അബദ്ധത്തില്‍ ഈ മണ്‍കൂനയില്‍ കയറി മറിയുകയായിരുന്നു.