തെലങ്കാനയില്‍ എടിഎം കൗണ്ടര്‍ പൊളിച്ച് 30 ലക്ഷം രൂപ കവര്‍ന്നു (വീഡിയോ)

Update: 2025-03-03 01:16 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ എടിഎം കൗണ്ടറില്‍ കയറിയ സംഘം നാല് മിനിറ്റുകള്‍ക്കുള്ളില്‍ 30 ലക്ഷം രൂപ കവര്‍ന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

നാല് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 1.56 ഓടെ സംഘം എടിഎമ്മിന് സമീപമെത്തി. തുടര്‍ന്ന് കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി. എടിഎമ്മിന് സമീപമുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ സ്‌പ്രേ ചെയ്ത് ഇയാള്‍ ദൃശ്യം അവ്യക്തമാക്കി. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ അവ്യക്തമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ഈ ക്യാമറയിലാണ് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് എടിഎം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.


മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി സൈറണ്‍ വയറുകള്‍ അടക്കം സംഘം മുറിച്ചു. ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. ഈ സമയം ഒരാള്‍ എടിഎമ്മിന് പുറത്തായി കാവല്‍നിന്നു. രണ്ട് മണിയോടെ സംഘം 29.69 ലക്ഷം രൂപയുമായി സ്ഥലം വിട്ടു.