ഇസ്‌ലാം സ്വീകരിക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി യുവതി; കൗണ്‍സലിങ് നടത്തി എസ്പിയും സംഘവും
ഭോപ്പാല്‍: ഇസ്‌ലാം സ്വീകരിക്കാന്‍ നിയമപരമായ അനുമതി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയ യുവതിക്ക് കൗണ്‍സലിങ് നല്‍കി പോലിസ്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ബറുവാഖാര്‍ ഗ്രാമവാസിയായ ആശ പ്രജാപതി എന്ന 20കാരിയാണ് തനിക്ക് ഇസ്‌ലാം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കലക്ടര്‍ അന്‍ഷുല്‍ ഗുപ്ത യുവതിയെ എസ്പി ഓഫിസിലേക്ക് അയച്ചു. അവിടെ വനിതാ-ശിശു വികസന വകുപ്പ് കൗണ്‍സലര്‍മാരും പോലിസും ആശയെ ചോദ്യം ചെയ്തു. മതപരിവര്‍ത്തനം തടയാനുള്ള മധ്യപ്രദേശ് റീലീജ്യസ് ഫ്രീഡം ആക്ട് പ്രകാരമാണ് ഈ നടപടി.
പത്താം ക്ലാസ് വരെ പഠിച്ച താന്‍ സ്വമേധയായാണ് ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് ആശ പറഞ്ഞു. അമ്മ കുട്ടിക്കാലത്ത് മരിച്ചുപോയി. പിതാവ് ഒരുവര്‍ഷം മുമ്പ് മരിച്ചു. ഒരു സഹോദരിക്കൊപ്പമാണ് കഴിയുന്നത്. കുട്ടിക്കാലം മുതലേ ഇസ്‌ലാമിനോട് താല്‍പര്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി നിസ്‌കരിക്കുന്നുണ്ടെന്നും ആശ വ്യക്തമാക്കി. ആത്മീയ അന്വേഷണമാണ് തന്നെ ഇസ്‌ലാമില്‍ എത്തിച്ചതെന്നും യുവതി പറഞ്ഞു. എന്നാല്‍, ആശയെ ആരെങ്കിലും വശീകരിച്ചോ ഭീഷണിപ്പെടുത്തിയോ ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ശ്രമിച്ചോ എന്നാണ് പരിശോധിക്കുന്നതെന്ന് എസ്പി രോഹിത് കാശ്വാനി പറഞ്ഞു. ആശയുടെ ഗ്രാമത്തില്‍ പോയി അന്വേഷണം നടത്തിയ ശേഷമായിരിക്കും ബാക്കി കൗണ്‍സലിങ് നടത്തുകയെന്ന് വനിതാ-ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ വിനീത കാന്‍സ പറഞ്ഞു.
