മുഹമ്മദ് ഹൈസിന്‍ (നീല ടീഷര്‍ട്ട്)
തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കിണറ്റില്‍ വീണ നാലരവയസുകാരനെ ബന്ധുവായ 63കാരി രക്ഷിച്ചു. വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ചത്.
മോട്ടോര്‍ഷെഡ്ഡിന്റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളിലുണ്ടായിരുന്നു. ഇവരാണ് ഹൈസിന്‍ കിണറ്റില്‍ വീണ കാര്യം സുഹറയെ വിവരം അറിയിച്ചത്.
ഓടിയെത്തിയ സുഹറ മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി ഹൈസിനെ പൊക്കിയെടുത്തു. കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ അടക്കിപിടിച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധുവായ അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും പുറത്തെത്തിച്ചത്. വീഴ്ച്ചയില്‍ ഹൈസിന് ചെവിയില്‍ നേരിയ പരിക്കേറ്റിട്ടുണ്ട്.