പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ''കൊലകള്‍''; മുഹമ്മദലി അന്ന് ആന്റണി; മാനസിക പ്രശ്നമുണ്ടെന്ന് സഹോദരന്‍
കോഴിക്കോട്: കൂടരഞ്ഞിയിലും വെള്ളയില്‍ കടപ്പുറത്തും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊലപാതകങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി എത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരന്‍ പൗലോസ്. ആന്റണി എന്നായിരുന്നു മുഹമ്മദലിയുടെ പേരെന്നും സഹോദരന്‍ വെളിപ്പെടുത്തി. കൂടരഞ്ഞിയില്‍ നിന്നും വിവാഹം കഴിച്ച ഇയാള്‍ ഭാര്യ ഉപേക്ഷിച്ചതോടെ മലപ്പുറം വേങ്ങരയിലേക്ക് പോയി. അവിടെ നിന്ന് രണ്ടാം വിവാഹം ചെയ്തതോടെയാണ് മതം മാറി മുഹമ്മദലിയായത്. 25 വര്‍ഷമായി വേങ്ങരയിലാണ് മുഹമ്മദലി താമസിക്കുന്നത്.
1986ല്‍, പതിനാലാം വയസ്സില്‍ കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മുഹമ്മദലി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പരിശോധന നടത്തിയ പോലീസ് 116/86 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ വീണ്ടും അന്വേഷണം തുടങ്ങുകയും കൊല നടന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. മരിച്ചയാള്‍ക്ക് ജോലി നല്‍കിയ ആളില്‍ നിന്നുള്‍പ്പടെ വിവരങ്ങളും ശേഖരിച്ചു. എന്നാല്‍ ഇരിട്ടി സ്വദേശിയെന്ന സൂചനകളല്ലാതെ മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
കൂടരഞ്ഞിയില്‍ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്ന സമയത്ത് താനും സഹോദരനും സ്ഥലത്ത് ഇല്ലായിരുന്നുവെന്നും പൗലോസ് പറയുന്നു. താന്‍ പൂവാറന്തോട് പണിയിലായിരുന്നു എന്നും നേരത്തെ നാടുവിട്ട് പോയ മുഹമ്മദലി എട്ട് വര്‍ഷം കഴിഞ്ഞാണ് നാട്ടില്‍ തിരിച്ചെത്തിയത് എന്നും പൗലോസ് ഓര്‍ക്കുന്നു.
1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വച്ച് ഒരാളെ കൊന്നെന്നാണ് മുഹമ്മദലി പിന്നീട് വെളിപ്പെടുത്തിയത്. ഇതില്‍ നടക്കാവ് പോലിസ് അന്വേഷണം തുടങ്ങി. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് പോലിസ് കേസ് വീണ്ടും തുറന്നത്.
കൂടരഞ്ഞിയിലെ കൊലപാതകത്തിന് ശേഷം കോഴിക്കോട് ജോലി ചെയ്യുന്ന കാലത്ത് പണം തട്ടിപ്പറിച്ച ഒരാളെ സുഹൃത്തായ കഞ്ചാവ് ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് വെളിപ്പെടുത്തല്‍. രണ്ടാമത്തെ വെളിപ്പെടുത്തലിന് സാധൂകരണം നല്‍കുന്ന അക്കാലത്തെ വാര്‍ത്തകളിലും പോലിസ് റെക്കോര്‍ഡുകളിലും മരിച്ചത് അജ്ഞാതനാണെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

