സ്വത്തിനായി വളര്‍ത്തമ്മയെ കൊലപ്പെടുത്തി പതിമൂന്നുകാരിയായ ദത്തുമകള്‍; മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍ നിന്നു കിട്ടിയ കുട്ടിയാണ് കൊല നടത്തിയത്

Update: 2025-05-17 13:33 GMT

ഭൂവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസില്‍ വളര്‍ത്തമ്മയെ കൊന്നു. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ട് ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് കൊല നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ രാജലക്ഷ്മി കറാണ്(54) മരിച്ചത്. തന്റെ മകള്‍ക്ക് രണ്ടു പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രാജലക്ഷ്മി അത്തരം ബന്ധങ്ങളെ എതിര്‍ത്തു. ഇതാണ് കൊലയ്ക്ക് കാരണമായത്. രാജലക്ഷ്മി മരിച്ചാല്‍ സ്വത്ത് തനിക്ക് കിട്ടുമെന്നതും കൊല നടത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതായി പോലിസ് അറിയിച്ചു.

ഏപ്രില്‍ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് രാജലക്ഷ്മിയെ കൊന്നത്. പിറ്റേദിവസം രാജലക്ഷമിയുടെ സ്വന്തം നാടായ ഭുവനേശ്വറില്‍ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. അമ്മ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഭുവനേശ്വറില്‍ വച്ച് മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരന്‍ സിബ പ്രസാദ് മിശ്ര തുറന്നു നോക്കിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഇന്‍സ്റ്റഗ്രാം മെസഞ്ചറില്‍ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുന്‍ഡി പൊലിസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്തു.

ജനിച്ച് മൂന്നാം ദിവസം ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയേയാണ് രാജലക്ഷ്മിയും ഭര്‍ത്താവും ദത്തെടുത്തത്. ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളര്‍ത്തിയത്. മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ പരാലഖേമുന്‍ഡിയിലേക്കു താമസം മാറ്റുകയായിരുന്നു.

ഗണേശ് റാത് ആണ് കൊലപാതകത്തിന് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലിസ് അറിയിച്ചു. കൊല നടത്തിയാല്‍ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കള്‍ കൈവശമാക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തി. ഏപ്രില്‍ 29ന് വൈകുന്നേരം അമ്മയ്ക്ക് മകള്‍ ഉറക്കഗുളികകള്‍ നല്‍കി. അവര്‍ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.