ബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു; ഫോണ്‍ നിറയെ അശ്ലീല വീഡിയോ; പുതിയ കേസെടുത്തു
മൂഡബിദ്രി(ദക്ഷിണകന്നഡ): സ്വകാര്യ ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയായ ഹിന്ദു ജാഗരണ്‍ വേദികെ നേതാവിന്റെ ഫോണ്‍ പരിശോധിച്ച മൂഡബിദ്രി പോലിസ് ഞെട്ടി. കര്‍ണാടകയിലെ ഒരു പ്രമുഖ ഹിന്ദുത്വ നേതാവിന്റെ അടക്കമുള്ള 50 ഓളം അശ്ലീല വീഡിയോകളാണ് ഫോണില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിക്കെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഹിന്ദു ജാഗരണ്‍ വേദികെ എന്ന സംഘടനയുടെ ദക്ഷിണകന്നഡ ജില്ലാ കോര്‍ഡിനേറ്ററായ സമിത് രാജ് ധാരെഗുഡ്ഡെക്കെതിരെയാണ് കേസ്. കര്‍ണാടകയിലെ തീരദേശ ജില്ലയിലെ പ്രമുഖനായ ഒരു ഹിന്ദുത്വ നേതാവിന്റെ വീഡിയോയും ഇയാളുടെ ഫോണിലുണ്ട്.
ബൈക്ക് ഓടിച്ചുപോവുകയായിരുന്ന അമ്മയുടെയും മകളുടെയും മേല്‍ 2024 നവംബര്‍ 11ന് ഒരു സ്വകാര്യബസ് ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബസ് ഉടമയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ചതിനാണ് സമിത് രാജ് ധാരെഗുഡ്ഡെക്കെതിരേ കേസെടുത്തിരുന്നത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയുടെ ഫോണ്‍ പോലിസ് പരിശോധിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചതോടെ ഇന്‍സ്‌പെക്ടര്‍ സന്ദേശിന്റെ പരാതിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ വീഡിയോകള്‍ പ്രതി പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.
