ബ്രാഹ്മണനെ അപമാനിച്ചെന്ന്; പിന്നാക്ക സമുദായക്കാരനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചു

Update: 2025-10-12 09:07 GMT

ഭോപ്പാല്‍: ഒബിസി വിഭാഗക്കാരനായ യുവാവിനെ കൊണ്ട് ബ്രാഹ്മണന്റെ കാല്‍ കഴുകിച്ച് ആ വെള്ളം കുടിപ്പിച്ചു. മധ്യപ്രദേശിലെ ദമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് സംഭവം. കുശ്‌വാഹ സമുദായക്കാരനായ പര്‍ഷോത്തം ആണ് ജാതിപരമായ അതിക്രമത്തിന് ഇരയായത്. കുശ്‌വാഹ സമുദായക്കാരനായ ഒരാള്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ഗ്രാമത്തെ മദ്യവിമുക്തമാക്കാന്‍ നേരത്തെ എല്ലാവരും കൂടി തീരുമാനിച്ചിരുന്നു. എന്നാല്‍, ബ്രാഹ്മണ സമുദായ അംഗമായ അന്നു പാണ്ഡെ മദ്യവില്‍പ്പന തുടര്‍ന്നു. അതോടെ നാട്ടുകാര്‍ അയാള്‍ക്കെതിരേ പ്രതിഷേധിച്ചു. അന്നു പാണ്ഡെ ചെരുപ്പ് മാലയിട്ട് നില്‍ക്കുന്ന ഒരു ചിത്രം ഈ സമയത്ത് പര്‍ഷോത്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഇത് ബ്രാഹ്മണ സമുദായത്തിന് എതിരായ അതിക്രമമായി സവര്‍ണര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ബ്രാഹ്മണര്‍ ഒത്തുകൂടി പര്‍ഷോത്തമിനോട് 'പ്രായശ്ചിത്തം' ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് പര്‍ഷോത്തം ആചാരപ്രകാരം അന്നു പാണ്ഡെയുടെ കാല്‍ കഴുകി വെള്ളം കുടിക്കേണ്ടി വന്നത്. പിഴയായി 5,100 രൂപയും നല്‍കേണ്ടി വന്നു. ഈ 'പ്രായശ്ചിത്തത്തിന്റെ' വീഡിയോ വൈറലായതോടെ, ഇരൂകൂട്ടരും സഹകരിച്ചാണ് ആചാരം നടത്തിയതെന്ന് അന്നു പാണ്ഡെ പറഞ്ഞു. അന്നു പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്ന് പര്‍ഷോത്തമും പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഗുരു-ശിഷ്യ ബന്ധമുണ്ടെന്നും തങ്ങള്‍ പരിഹരിച്ച പ്രശ്‌നം വിവാദമാക്കരുതെന്നും പര്‍ഷോത്തം അഭ്യര്‍ത്ഥിച്ചു.