വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ തദ്ദേശീയമായ ഹക്ക നൃത്തത്തിലൂടെ പ്രതിഷേധിച്ച മൂന്നു എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംപി ഹന റൗഹിതി മൈപി ക്ലാര്‍ക്ക്, രാവിരി വൈതീതി, ഡെബ്ബി ഗരേവ പാക്കര്‍ എന്നിവരെയാണ് 21 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ന്യൂസിലാന്‍ഡ് രൂപീകരണ സമയത്ത് മവോരി തദ്ദേശീയവിഭാഗങ്ങളുമായുണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹനയും സംഘവും ബില്‍ കീറിയെറിഞ്ഞ് ഹക്ക ചെയ്തത്. നവംബറിലായിരുന്നു പ്രതിഷേധം.
Three Maori MPs in New Zealand received record suspensions of up to three weeks for performing a protest haka in parliament last year. pic.twitter.com/ssjTRKSoJJ
— Sky News (@SkyNews) June 5, 2025
ഇന്നാണ് സഭയില്‍ ഇവര്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്തത്. തീവ്രവാദികളുടെ ഒരു കൂട്ടമാണ് ഈ എംപികളെന്നും അവരെ കൊണ്ട് രാജ്യത്തിന് മതിയായെന്നും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് പറഞ്ഞു.
എന്നാല്‍, മവോരിയായതിനാല്‍ മാത്രം ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് ഡെബ്ബി ഗരേവ പാക്കര്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ന്യൂസിലാന്‍ഡ് ബ്രിട്ടീഷുകാര്‍ കോളനിവല്‍ക്കരിക്കുന്ന സമയത്ത് 1840ല്‍ മവോരികളുമായി ഒപ്പിട്ട വൈതംഗി കരാറില്‍ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഉടമ്പടി ഇല്ലാതായാല്‍ മവോരികള്‍ക്കുള്ള സംരക്ഷണങ്ങള്‍ ഇല്ലാതാവുമെന്നാണ് മവോരികള്‍ വാദിക്കുന്നത്.
