'രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യമായി, ഐക്യം എന്നത് അടഞ്ഞ അധ്യായം'; നിലപാട് വ്യക്തമാക്കി എന്‍എസ്എസ്
കോട്ടയം: എസ്എന്‍ഡിപിയുമായി ഇനി ഐക്യം ഇല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് തുഷാറിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യം എന്നത് അടഞ്ഞ അധ്യായമാണ്. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്ന് വെച്ചത്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസിന് ഒരു വാക്കെ ഉള്ളൂ. എല്ലാ മതങ്ങളോടും ഒരേ നിലപാടാണ്. ഈ ഐക്യം കൊണ്ട് നടക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഐക്യം ഉപേക്ഷിച്ചത്. എസ്എന്‍ഡിപിയുമായി സൗഹൃദത്തില്‍ പോകും. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് ഞങ്ങള്‍ക്ക് ബോധ്യമായതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് പത്മ പ്രഖ്യാപിച്ചതില്‍ തനിക്ക് ഒരു വിരോധവുമില്ല. അദ്ദേഹത്തിന് കൊടുത്തത് നല്ല കാര്യം. പക്ഷെ അതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട് എന്നുള്ളതാണ് അഭിപ്രായം. ഐക്യത്തിന് ഞങ്ങളില്ല. ബാക്കി എല്ലാകാര്യത്തിലും എസ്എന്‍ഡിപിയുമായി സൗഹൃദത്തില്‍ ഉണ്ടാകുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
പമ്പ ശുദ്ധീകരണത്തിനുള്ള ബജറ്റിലെ തുക നീക്കിവെച്ചതില്‍ തങ്ങള്‍ ഒരു അവകാശവാദത്തിനും ഇല്ല. തങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ബജറ്റില്‍ തുക നീക്കി വച്ചതെന്ന് പറയാനില്ല. എന്‍എസ്എസിന് തെരഞ്ഞെടുപ്പില്‍ ഒരു താല്പര്യവുമില്ല. സമുദായ അടിസ്ഥാനത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയും ഇല്ല. അങ്ങനെ ഒരു വോട്ടും കിട്ടില്ല. സമുദായ അംഗങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വി ഡി സതീശനുമായി ഉള്ള വിരോധം ഇലക്ഷനുമായി ബന്ധിപ്പിക്കേണ്ട. കോണ്‍ഗ്രസിനോട് പ്രത്യേക വിരോധമില്ല. വി ഡി സതീശനോടുള്ളത് വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള പ്രശ്നമാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെയും ജി സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു. കുറച്ചുകൂടി പരിഗണന കേരളത്തിന് നല്‍കണമായിരുന്നു. രാഷ്ട്രീയമായി പറയുകയല്ല. ഞാനും ഒരു കേരളീയന്‍ ആയതുകൊണ്ടാണ് പറയുന്നത്. ഇതേ രീതിയില്‍ കേരളത്തെ വിഴുങ്ങുന്നത് ശരിയല്ല. എയ്ഡഡ് മേഖലയോട് കേന്ദ്രത്തിനും സംസ്ഥാനത്തിനും അവഗണനയാണ്. ഹിന്ദുക്കളുടെ പൊതുവായ പ്രശ്നം വന്നാല്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കും. അതിന് ഐക്യത്തിന്റെ ആവശ്യമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

