മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടിസില്‍ 50 എംപിമാര്‍ ഒപ്പിട്ടു

Update: 2025-06-24 07:17 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടിസില്‍ 50ല്‍ അധികം എംപിമാര്‍ ഒപ്പിട്ടതായി റിപോര്‍ട്ട്. ചുരുങ്ങിയത് 50 എംപിമാരെങ്കിലും ഒപ്പിട്ടാല്‍ മാത്രമേ നോട്ടിസുമായി മുന്നോട്ടുപോവാനാവൂ. നോട്ടിസ് ഇതുവരെ തള്ളിയിട്ടില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധാന്‍ഖറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 1968ലെ ജഡ്ജസ്(എന്‍ക്വയറി) നിയമപ്രകാരം നോട്ടീസ് തള്ളാന്‍ പ്രത്യേക സമയപരിധി ഇല്ലെന്നതാണ് കാരണം.

പക്ഷേ, ഇത്രയും പേര്‍ ഒപ്പിട്ടതിന് സ്ഥിരീകരണമില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് പറയുന്നു. ഒപ്പ് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ചിട്ട് ആറ് എംപിമാര്‍ സ്ഥിരീകരണം നല്‍കിയില്ലെന്നാണ് പറയുന്നത്. ഏത് ഇ-മെയിലില്‍ ആണ് സ്ഥിരീകരണം ചോദിച്ചതെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ പറഞ്ഞു. സ്ഥിരീകരണം നല്‍കിയില്ലെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി നോട്ടിസ് തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ടിസില്‍ താന്‍ ഒപ്പിട്ടതാണെന്നും ഉടന്‍ സ്ഥിരീകരണം നല്‍കുമെന്നും കേരള കോണ്‍ഗ്രസ് എംപി ജോസ് കെ മാണി പറഞ്ഞു. ഉടന്‍ സ്ഥിരീകരണം നല്‍കുമെന്ന് സിപിഎം എംപി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയും ടിഎംസി എംപി സുഷ്മിത ദേവും പറഞ്ഞു.

2024 ഡിസംബര്‍ 8ന് അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ വെച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ രാജ്യം പ്രവര്‍ത്തിക്കൂ എന്നുമായിരുന്നു യോഗത്തില്‍ ശേഖര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങളിലൊന്ന്. ഹിന്ദു ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി സ്ഥിരമായി ഉയര്‍ത്തുന്ന മുദ്രാവാക്യമായ 'ഏക് രഹേംഗെ തോ സേഫ് റാഹേംഗെ' ആണ് യാദവും മുഴക്കിയത്. ജഡ്ജി വിദ്വേഷകരമായ പദപ്രയോഗവും നടത്തി. മുസ്ലിം കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടു വളരുന്നതിനാല്‍ അവര്‍ സഹിഷ്ണുതയുള്ളവരോ ഉദാരമതികളോ ആയിരിക്കുമെന്ന് കരുതരുതെന്നായിരുന്നു ജഡ്ജിയുടെ മറ്റൊരു വാദം. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരുടെ കുട്ടികളില്‍ അഹിംസയും സഹിഷ്ണുതയും വേരൂന്നിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. മുസ്ലീങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ രാജ്യത്തിന് എതിരാണെന്നും രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണെന്നും അവരെ കരുതിയിരിക്കണമെന്നും വര്‍ഷങ്ങളോളം നമ്മുടെ പൂര്‍വികര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് പോലെ ഏകീകൃത സിവില്‍കോഡും നടപ്പിലാക്കുമെന്നും യാദവ് വിഎച്ച്പി പരിപാടിയില്‍ പറഞ്ഞു.