സംഭല്‍ സംഘര്‍ഷം: അഡ്വ.സഫര്‍ അലിക്കെതിരേ യാതൊരു തെളിവുകളുമില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിക്കെതിരേ യാതൊരു തെളിവുകളുമില്ലെന്ന് അലഹബാദ് ഹൈക്കോടതി. മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സഫര്‍ അലിക്ക് ജാമ്യം നല്‍കിയ വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. '' മസ്ജിദ് കമ്മിറ്റി മേധാവിയായതിനാല്‍ സംഘര്‍ഷത്തില്‍ സഫര്‍ അലിക്ക് പങ്കുണ്ടെന്നാണ് പോലിസ് ആരോപിക്കുന്നത്. പക്ഷേ, തെളിവുകളൊന്നുമില്ല. ആവര്‍ത്തിച്ച് ചോദിച്ചിട്ടും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തെളിവുകളൊന്നും നല്‍കിയില്ല.''-കോടതി ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭല്‍ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിലാണ് 2024 നവംബര്‍ 19നും 24നും സര്‍വേ നടന്നത്. 24ന് നടന്ന സര്‍വേയില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. ഈ സംഭവങ്ങളില്‍ സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ അടക്കമുള്ള 800ഓളം പേരെ പ്രതിയാക്കി കേസെടുത്തു. പോലിസ് അതിക്രമത്തെ കുറിച്ച് ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കാന്‍ തയ്യാറെടുക്കുമ്പോഴാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.