അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്; രാജ്യത്ത് ഒരു വിദേശ സൈനികന്‍ പോലുമില്ലെന്ന് മൗലവി അമീര്‍ ഖാന്‍ മുത്താഖി
കാബൂള്‍: അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ നിയന്ത്രണത്തിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരേ അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്താഖി. ഒരു വിദേശ സൈനികനും അഫ്ഗാനിസ്താനില്‍ ഇല്ലെന്നും ആരെയും ആവശ്യവുമില്ലെന്നും മുത്താഖി പറഞ്ഞു.
'' അഫ്ഗാനിസ്താനെയും ജനതയേയും ഏറ്റവും പ്രധാനമായി ഇസ്‌ലാമിക് എമിറേറ്റിനെയും അതിന്റെ നേതൃത്വത്തെയും മനസിലാക്കാന്‍ യുഎസ് ശ്രമിക്കണം. വിദേശ സൈനികരുടെ സാന്നിധ്യം സഹിക്കാന്‍ എമിറേറ്റ് തയ്യാറാണെങ്കില്‍ എന്തിനായിരുന്നു കഴിഞ്ഞ 20 വര്‍ഷത്തെ ത്യാഗങ്ങളും രക്തസാക്ഷികളും ?. വിദേശ സൈനിക സാന്നിധ്യം സ്വീകരിക്കാന്‍ അഫ്ഗാനികള്‍ തയ്യാറായിരുന്നെങ്കില്‍ അവര്‍ സോവിയറ്റ് യൂണിയനെ അംഗീകരിക്കുമായിരുന്നു. കൂട്ട കുടിയേറ്റമോ സഹിക്കലോ ഉണ്ടാവുമായിരുന്നില്ല.''-അദ്ദേഹം വിശദീകരിച്ചു.
വിദേശികളെ സഹിക്കാന്‍ അഫ്ഗാനികള്‍ തയ്യാറായിരുന്നുവെങ്കില്‍ അവര്‍ യുഎസിന്റെയും നാറ്റോയുടെയും മറ്റു 50 രാജ്യങ്ങളുടെയും സൈന്യത്തെ സ്വീകരിക്കുമായിരുന്നു. രാജ്യത്ത് വിദേശസൈനികരെ അഫ്ഗാന്‍ ജനത അംഗീകരിക്കുന്നില്ല. ട്രംപും മറ്റു രാജ്യങ്ങളുടെ നേതാക്കളും ഈ വസ്തുത ഗൗരവത്തോടെ കാണണം. മറ്റു രാജ്യങ്ങളുമായി രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ ഞങ്ങള്‍ പുലര്‍ത്തുന്നു. പക്ഷേ, അതിനര്‍ത്ഥം സൈനികരെ പാര്‍പ്പിക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.