വടക്കന്‍ ഗസയില്‍ പ്രവേശിക്കാന്‍ ഫലസ്തീനികളെ അനുവദിക്കാതെ ഇസ്രായേല്‍; ഒരാളെ വെടിവെച്ചു കൊന്നു (video)

Update: 2025-01-26 13:52 GMT

ഗസ സിറ്റി: അധിനിവേശകാലത്ത് വടക്കന്‍ ഗസയില്‍ നിന്ന് പലായനം ചെയ്തവരെ തിരിച്ചുവരാന്‍ അനുവദിക്കാതെ ഇസ്രായേല്‍. യുഎസിന്റെയും മറ്റും മധ്യസ്ഥതയില്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം, തെക്കന്‍ഗസയില്‍ അഭയം തേടിയവര്‍ക്ക് ഇന്നു മുതല്‍ തിരിച്ചുവരാമായിരുന്നു. എന്നാല്‍, തെക്കന്‍ ഗസയേയും വടക്കന്‍ ഗസയേയും വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം വെടിവെപ്പ് നടത്തുകയാണ്. വാദി ഗസ പാലത്തിന് സമീപം ഒരു ഫലസ്തീനിയെ ഇസ്രായേലി സൈനികന്‍ സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് വെടിവെച്ചു കൊന്നു. നാലു പേര്‍ക്ക് പരിക്കേറ്റു.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തില്‍ മധ്യസ്ഥരുമായി സംസാരിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അര്‍ബെല്‍ യെഹൂദ് എന്ന സ്ത്രീയെ മോചിപ്പിക്കാതെ വടക്കന്‍ ഗസയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ഇസ്രായേല്‍ വാശിപിടിക്കുകയാണ്. അര്‍ബെല്‍ യെഹൂദ് സുരക്ഷിതയാണ്. അവരെ വിട്ടുനല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. എന്നിട്ടും കരാര്‍ ലംഘിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി. അധിനിവേശ ശക്തി വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചിട്ടില്ലെന്നും നെറ്റ്‌സാരിം ഇടനാഴിക്ക് സമീപം ജാഗ്രത പാലിക്കണമെന്നും ഗസ ഭരണകൂടവും ആവശ്യപ്പെട്ടു.