പൗരത്വ നിഷേധത്തിനെതിരായ സമരം;ഹാഷിം അലിയെ കൊന്ന കേസില്‍ 12 പേരെ വെറുതെവിട്ടു; കൊല നടത്തിയെന്ന പ്രതികളുടെ പ്രഖ്യാപനം 'ഹീറോ' ആകാനുള്ള ശ്രമം മാത്രമെന്ന് കോടതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമര കാലത്ത് മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 12 ഹിന്ദുത്വരെ കോടതി വെറുതെവിട്ടു. ഹാഷിം അലിയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലോകേഷ് കുമാര്‍ സോളങ്കി, പങ്കജ് ശര്‍മ, അങ്കിത് ചൗധരി, പ്രിന്‍സ്, ജതിന്‍ ശര്‍മ, ഹിമാന്‍ഷു ഠാക്കൂര്‍, വിവേക് പാഞ്ചാല്‍, റിഷബ് ചൗധരി, സുമിത് ചൗധരി, ടിങ്കു അരോര, സന്ദീപ്, സാഹില്‍ എന്നിവരെയാണ് കാര്‍ക്കദൂമ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല വെറുതെവിട്ടത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഇക്കാര്യം 'ഖട്ടര്‍ ഹിന്ദു ഏകത' എന്ന വാട്ട്‌സാപ്പിലൂടെ പ്രഖ്യാപിച്ചത് ഹീറോ ആകാനുള്ള ശ്രമം മാത്രമാണെന്ന് കോടതി പറഞ്ഞു.
''ഇത്തരം പോസ്റ്റുകള്‍/സന്ദേശങ്ങള്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ ഹീറോ ആകുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടതാവും. പൊങ്ങച്ചവുമാകാം.''-ജഡ്ജി വിധിയില്‍ എഴുതി.
''പ്രതി ലോകേഷും ആ ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവരും കലാപത്തില്‍ പങ്കാളികളായിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. ചാറ്റുകള്‍ തെളിവായി കാണിക്കുന്നു. എന്നിരുന്നാലും, ഈ വാദം തെളിവുകളില്ലാത്ത അനുമാനം മാത്രമാണ്.''- ജഡ്ജി പറഞ്ഞു. ഹാഷിം അലിയും സഹോദരന്‍ ആമിര്‍ ഖാനും അടക്കം ഒമ്പതുപേരുടെ കൊലയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നായിരുന്നു എഫ്‌ഐആര്‍. പ്രതികള്‍ കല്ലുകള്‍, വടികള്‍, വാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവയുമായി മുദ്രാവാക്യം വിളിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ആദ്യം അറസ്റ്റിലായത് ലോകേഷാണ്. പിന്നീടാണ് മറ്റു പ്രതികളുടെ വിവരങ്ങള്‍ ലഭിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിമര്‍ശിച്ചു. പോലിസ് കൊണ്ടുവന്ന സാക്ഷികളെല്ലാം കൂറുമാറി. ''ഹിമാന്‍ഷു, ജതിന്‍, വിവേക് എന്നിവരില്‍ നിന്ന് കണ്ടെടുത്ത വടികള്‍ മറ്റ് കേസുകളില്‍ പ്രോസിക്യൂഷന്‍ ഉപയോഗിച്ചു. ആ വടികള്‍ ജിടിബി ആശുപത്രിയിലെ ഫോറന്‍സിക് വകുപ്പിലേക്ക് അയച്ചു പരിശോധിച്ചിരുന്നു. ഹാഷിമിന്റെ ശരീരത്തിലെ മുറിവുകള്‍ ആ വടികള്‍ മൂലമാകാമെന്ന് ഡോക്ടര്‍മാരുടെ ബോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാലും, ആ വടികള്‍ക്ക് പുറമെ കൂടുതല്‍ തെളിവുകളൊന്നും കണ്ടെത്തി ഹാജരാക്കിയില്ല. അതിനാല്‍ തന്നെ ആ വടികളാണ് കൊലയ്ക്ക് കാരണമെന്ന് എങ്ങിനെ പറയാനാവും ?''-കോടതി ചോദിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലിസ് അട്ടിമറിച്ചെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് ഈ കോടതി വിധിയും.

