മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരോട് ആധാര്‍ കാര്‍ഡ് ചോദിക്കുന്നതായി റിപോര്‍ട്ട്. ''സ്വന്തം പള്ളിയിലേക്ക് പോകുന്നത് അപമാനകരമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.'' -മഥുരക്കാരനായ മഖ്സുദ് അലി പറഞ്ഞു. ഹിന്ദു ദേവനായ കൃഷ്ണന്റെ ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച്, 1968ലെ കരാറിനെ എതിര്‍ത്ത് ഹിന്ദുത്വര്‍ 2020ല്‍ ഹരജി നല്‍കിയപ്പോള്‍ മുതല്‍ ഈ പ്രശ്‌നമുണ്ടെന്ന് മഖ്‌സുദ് അലി പറയുന്നു.
സമീപ മാസങ്ങളില്‍, അലഹബാദ് ഹൈക്കോടതി തര്‍ക്കത്തിന്റെ നടപടിക്രമപരമായ വശങ്ങളാണ് കൈകാര്യം ചെയ്തത്. ഒന്നില്‍ അധികമുള്ള ഹരജികള്‍ ഒരുമിച്ച് കേള്‍ക്കാമെന്ന് കോടതി പറയുകയും ചെയ്തു. ഈദ്ഗാഹ് പള്ളിയെ 'തര്‍ക്ക നിര്‍മാണം' എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാനുള്ള അപേക്ഷയും രാധാ റാണിയെ കക്ഷിയായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും കോടതി നിരസിച്ചു. അതേസമയം പള്ളിയുടെ ഏതെങ്കിലും തരത്തിലുള്ള സര്‍വേ സ്റ്റേ സുപ്രിം കോടതി ചെയ്തു. ആരാധനാലയ സംരക്ഷണം നിയമം, ആരാധനാ അവകാശങ്ങള്‍ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. കേസ് ഒക്ടോബര്‍ 9ന് വീണ്ടും പരിഗണിക്കും.
മഥുര പോലിസ് പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്, പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡുകളോ മഥുര വിലാസമുള്ള ഐഡിയോ ഹാജരാക്കണം. പള്ളിക്കമ്മിറ്റി അംഗമായ മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ ഇതിനെ നിരാശയോടെയാണ് കാണുന്നത്. '2022 മുതല്‍, പള്ളിക്ക് പുറത്ത് പോലിസുണ്ട്. പള്ളിയില്‍ പ്രവേശനം അനുവദിക്കുന്നതിന് ഐഡികള്‍ ഹാജരാക്കണം.'' -ബുര്‍ഹാനുദ്ദീന്‍ പറഞ്ഞു.
മഥുരയില്‍ എത്തിയ നിരവധി പേരെ പള്ളിയില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ പ്രദേശവാസിയായ ഷാക്കിര്‍ ഹുസൈന്‍ എസ്എസ്പിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കി.
ഇതായിരുന്നു ചോദ്യങ്ങള്‍
ഇന്ത്യന്‍ മുസ്‌ലിമിന് സ്വന്തം വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ നമസ്‌കരിക്കാന്‍ കഴിയുമോ? അതോ പള്ളിയില്‍ മാത്രമാണോ കഴിയുക ?
നമസ്‌കാരത്തിന്, ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും ഐഡി പ്രൂഫോ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണോ? 'അതെ' എങ്കില്‍, ഏത് സര്‍ക്കാര്‍ ഉത്തരവിന്റെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലാണ് അത് നിര്‍ബന്ധമാക്കിയത്?
ഒരു മുസ്‌ലിം ഒരു പള്ളിയില്‍ നമസ്‌കരിക്കുകയാണെങ്കില്‍, പ്രാര്‍ത്ഥനയ്ക്കിടെ അയാള്‍ ആക്രമിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?. ഒരു പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാന്‍ ആധാര്‍ കാര്‍ഡോ ഐഡി പ്രൂഫോ നിര്‍ബന്ധമാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഏത് ചട്ടം അല്ലെങ്കില്‍ ഉത്തരവ് പ്രകാരം?
ശാഹി ഈദ്ഗാഹ് പള്ളിയില്‍ നമസ്‌കാരം അനുവദനീയമാണോ? ഉണ്ടെങ്കില്‍ ഏതുനിയമപ്രകാരം ? ഇല്ലെങ്കില്‍ എന്തുകൊണ്ട് പാടില്ല?
ഹുസൈന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് 2024 നവംബര്‍ 30ന് എസ്എസ്പി മറുപടി നല്‍കി. മസ്ജിദില്‍ ഭഗവാന്‍ ബാല്‍ ഗോപാലിന്റെ വിഗ്രഹം സ്ഥാപിക്കുമെന്നും ഡിസംബര്‍ 6ന് വിജയദിനം ആയി ആഘോഷിക്കുമെന്നും ചില ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് എസ്എസ്പിയുടെ മറുപടി പറയുന്നു. അതിനാല്‍ ജില്ലാഭരണകൂടവും പോലിസും ചേര്‍ന്ന് പ്രദേശം സുരക്ഷിതമാക്കിയെന്നും എസ്എസ്പി പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ പരിശോധനയിലൂടെ മസ്ജിദില്‍ ഹിന്ദു സംഘടനകളുടെ നേതാക്കളുടെയും പ്രതിനിധികളുടെയും പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചെന്നും എസ്എസ്പി പറഞ്ഞു. എന്നിരുന്നാലും, കൃഷ്ണക്ഷേത്രത്തിലെ പോലിസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കുന്നില്ല.
കൊല്‍ക്കത്ത സ്വദേശിയായ ആരിഫ് ആലം സെപ്റ്റംബര്‍ രണ്ടിന് സുഹൃത്തുക്കളെ കാണാന്‍ മഥുരയില്‍ എത്തി. നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയപ്പോള്‍ പോലിസ് തടഞ്ഞു. പുറത്തുനിന്നുള്ളവര്‍ക്ക് പള്ളിയില്‍ നമസ്‌കാരം നടത്താന്‍ അനുവാദമില്ലെന്നാണ് പോലിസ് ആലത്തോട് പറഞ്ഞത്. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ പള്ളികളില്‍ നിന്ന് ഞങ്ങളെ വിലക്കുന്നതെന്ന് ആലം ചോദിച്ചു. പോലിസ് നിയന്ത്രണങ്ങളുടെ വീഡിയോ ഡല്‍ഹി സ്വദേശിയായ സയ്യിദ് ഖമര്‍ അലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഖമര്‍ അലി
നമസ്‌കരിക്കുന്നതില്‍ നിന്ന് വിലക്കിയതില്‍ പ്രതിഷേധിച്ച് ആലവും ഖമര്‍ അലിയും പോലിസില്‍ പരാതിയും നല്‍കിയിരുന്നു.
പള്ളിയില്‍ മതം അനുഷ്ഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആലത്തിന്റെ പരാതി പറയുന്നു. സംഭവസമയത്ത് പ്രദേശത്ത് നിരോധനാജ്ഞ ഇല്ലായിരുന്നുവെന്നും അതിനാല്‍ പോലിസിന് പൗരന്‍മാരുടെ അവകാശങ്ങള്‍ തടയാനാവില്ലെന്നും ആലം ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം 5-5.30നും ഇടയില്‍ ശാഹി ഈദ്ഗാഹ് പരിസരത്ത് നിന്നും പരിസരങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ റഫറന്‍സിനായി സംരക്ഷിക്കണമെന്നും ആലം ആവശ്യപ്പെട്ടിട്ടുണ്ട്.

