തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണേതര പുരോഹിതരെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ കുമാരവയലൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ബ്രാഹ്മണേതര പുരോഹിതരെ മുരുകന്റെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. ബ്രാഹ്മണര്‍ അല്ലാത്തവരെയും പുരോഹിതരാക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് മൂലം നിയമിച്ച എസ് പ്രഭു, ജയപാല്‍ എന്നിവരാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം നടക്കാനിരിക്കുന്ന കുംഭാഭിഷേകത്തിലും വിവേചനം കാട്ടുകയാണ്. ഭക്തജനങ്ങള്‍ നല്ല രീതിയിലാണ് പെരുമാറുന്നതെന്നും ബ്രാഹ്മണരായ പുരോഹിതരാണ് വിവേചനം കാട്ടുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
2021ലാണ് ബ്രാഹ്മണേതര വിഭാഗങ്ങളില്‍ നിന്നുള്ളവരെ ക്ഷേത്രങ്ങളില്‍ പുരോഹിതരായി നിയമിക്കാന്‍ സര്‍ക്കാര്‍ നിയമം പാസാക്കിയത്. മതസ്ഥാപനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്ന നയത്തെ തുടര്‍ന്നാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍, ഇത് നടപ്പാക്കുന്നതിനെതിരെ ബ്രാഹ്മണ വിഭാഗങ്ങളില്‍ നിന്നും കനത്ത എതിര്‍പ്പാണുള്ളത്.
പുരോഹിതരാവാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയ 382 പേരാണ് സംസ്ഥാനത്തുള്ളത്. പക്ഷെ, 29 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചിരിക്കുന്നത്. 95 പേര്‍ പുതുതായി കോഴ്‌സ് ചെയ്യുന്നുമുണ്ട്. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളായ തിരുവണ്ണാമലൈ, മധുരൈ, ശ്രീരംഗം എന്നിവിടങ്ങളിലെ നിയമനത്തോടും കടുത്ത എതിര്‍പ്പാണ് ബ്രാഹ്മണര്‍ക്കുള്ളത്. തൃച്ചിയിലെ ക്ഷേത്രത്തില്‍ 2022ല്‍ പുരോഹിതനായി നിയമിക്കപ്പെട്ട ഒരാള്‍ക്ക് ഇതുവരെയും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുച്ചിറപ്പള്ളിയിലെ നാഗാനന്ദന്‍ സ്വാമി ക്ഷേത്രത്തിലെ ബ്രാഹ്മണേതര പുരോഹിതരുടെ അറിവിനെ ബ്രാഹ്മണര്‍ ചോദ്യം ചെയ്യുന്നുമുണ്ട്. മറ്റു ചില ക്ഷേത്രങ്ങളില്‍ ബ്രാഹ്മണ പൂജാരികളുടെ വീട്ടുപണികള്‍ക്കാണ് ബ്രാഹ്മണേതര പൂജാരികളെ ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
