വ്യാജ രേഖാ പ്രവാഹം: വിവാഹചടങ്ങുകള്‍ നടത്തില്ലെന്ന് ഉള്‍സൂര്‍ സോമേശ്വര ക്ഷേത്രം

Update: 2025-11-27 13:47 GMT

ബെംഗളൂരു: വ്യാജരേഖകള്‍ ചമച്ചുള്ള വിവാഹങ്ങള്‍ വ്യാപകമായതിനാല്‍ വിവാഹചടങ്ങുകള്‍ നടത്തില്ലെന്ന് കര്‍ണാടകയിലെ ഉള്‍സൂരിലെ സോമേശ്വര ക്ഷേത്രം. ഇത്തരം വിവാഹങ്ങള്‍ മൂലം ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള ജീവനക്കാര്‍ കോടതികളില്‍ സാക്ഷിയായി പോവേണ്ടി വരുകയാണെന്നും അത് ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും ക്ഷേത്ര ഭാരവാഹികള്‍ സര്‍ക്കാരിനെ അറിയിച്ചു. കര്‍ണാടക ഹിന്ദു മത സ്ഥാപന ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്. തന്റെ വിവാഹം നടത്തി നല്‍കാന്‍ ക്ഷേത്രം തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അതിന് മറുപടിയായാണ് ക്ഷേത്രഭാരവാഹികള്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്.

'നിരവധി പേര്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുകയും വിവാഹം കഴിക്കാന്‍ വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഈ ദമ്പതികളുടെ മാതാപിതാക്കള്‍ എത്തുകയും ചില സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യുന്നു,'' ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി ഗോവിന്ദരാജു പറഞ്ഞു.

''വസന്ത് നഗറിലെ ഒരു ഗുണ്ട ഒരിക്കല്‍ ക്ഷേത്രത്തില്‍ വന്ന് വിവാഹം കഴിച്ചു. പക്ഷേ, ആ സ്ത്രീ ആദ്യം വിവാഹം കഴിച്ചിരുന്നു. ആ ബന്ധം നിലനില്‍ക്കെയാണ് അവര്‍ വീണ്ടും വിവാഹം കഴിച്ചത്. പക്ഷെ, വിവാഹം കഴിഞ്ഞ ദിവസം തന്നെ സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് ഗുണ്ടയെ വെട്ടിക്കൊന്നു. അപ്പോള്‍ വിവാഹകാര്യത്തില്‍ സാക്ഷിയാവാന്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് പോവേണ്ടി വന്നു. ഈ സംഭവത്തില്‍ തന്നെ ഹൈദരാബാദിലും കേസുണ്ടായി. അന്ന് ക്ഷേത്രത്തിലെ പൂജാരി അടക്കം ഹൈദരാബാദ് കോടതിയില്‍ പോവേണ്ടി വന്നു.''- വി ഗോവിന്ദരാജു പറഞ്ഞു.