ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ വംശഹത്യാപദ്ധതിക്കെതിരെ 350 ജൂത റബിമാര്‍
ന്യൂയോര്‍ക്ക്: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശഹത്യാപദ്ധതിക്കെതിരെ പ്രതിഷേധവുമായി ജൂത റബിമാര്‍ രംഗത്തെത്തി. ട്രംപിന്റെ പദ്ധതിക്കെതിരെ യുഎസിലെ 350ല്‍ അധികം ജൂത റബിമാര്‍ ചേര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ഫുള്‍പേജ് പരസ്യം നല്‍കി. ഷാറോണ്‍ ബ്രൗസ്, റോളി മതലാന്‍, അലിസ വൈസ് തുടങ്ങിയ റബിമാരും ആര്‍ട്ടിസ്റ്റുകളായ ടോണി കുഷ്‌നര്‍, ഇലാന ഗ്ലേസര്‍, നവോമി ക്ലീന്‍ തുടങ്ങിയവരും ഈ പരസ്യപ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
ട്രംപും നെതന്യാഹുവും ചേര്‍ന്ന് രാഷ്ട്രീയ അതിര്‍ത്തികള്‍ അതിവേഗം മാറ്റിവരക്കുന്ന കാലത്ത് പ്രതിഷേധിക്കാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്ന് ' in our name' കാംപയിന്റെ ഡയറക്ടറായ കോഡി എഡ്ജര്‍ലി പറഞ്ഞു. 1948ല്‍ ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കിയ നഖ്ബ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജൂത റബി തോബ തോബ സ്പിറ്റ്‌സര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജര്‍മനിയിലെ ജൂതന്‍മാരെ തുടച്ചുനീക്കണമെന്ന ഹിറ്റ്‌ലറുടെ സ്വപ്‌നമാണ് ജൂതവംശഹത്യക്ക് കാരണമായതെന്ന് മാസച്ചുസെറ്റ്‌സിലെ സിനഗോഗിലെ റബിയായ ഡോര്‍ഷെയ് സെഡെക് ഓര്‍മിപ്പിച്ചു. ഇത്തരം വംശഹത്യാപദ്ധതിയെ എങ്ങനെയാണ് ആളുകള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയുകയെന്ന് റബി പീറ്റര്‍ ബെയ്‌നാര്‍ട്ട് ചോദിച്ചു. ലോകത്തെ സ്വന്തമാക്കാനും ഭരിക്കാനും അവകാശമുള്ള ദൈവമാണെന്ന തോന്നലാണ് ട്രംപിനുള്ളതെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ന്യൂ സിനഗോഗ് പ്രോജക്റ്റിലെ റാബി യോസെഫ് ബെര്‍മാന്‍ കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ അന്തസ് കവരാനോ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിക്കായി സ്വത്ത് മോഷ്ടിക്കാനോ ട്രംപിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.