'നോ അദര്‍ ലാന്‍ഡ്' സഹസംവിധായകനെ ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചു (വീഡിയോ)

Update: 2025-03-25 04:02 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശത്തിന്റെ ചരിത്രം പറയുന്ന 'നോ അദര്‍ ലാന്‍ഡ്' ഡോക്യുമെന്ററിയുടെ സഹസംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ഹംദാന്‍ ബല്ലാലിനെ ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചു. ഡോക്യുമെന്ററിയുടെ സഹസംവിധായകനായ യുവാല്‍ എബ്രഹാം ആണ് വിവരം ലോകത്തെ അറിയിച്ചത്.

''നമ്മുടെ 'നോ അദര്‍ ലാന്‍ഡ്' എന്ന സിനിമയുടെ സഹസംവിധായകനായ ഹംദാന്‍ ബല്ലാലിനെ ഒരു കൂട്ടം കുടിയേറ്റക്കാര്‍ ചേര്‍ന്ന് ആക്രമിച്ചു. തലയിലും വയറ്റിലും പരിക്കേറ്റു, രക്തസ്രാവമുണ്ട്''- എബ്രഹാം എക്‌സില്‍ പറഞ്ഞു. ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആംബുലന്‍സില്‍ ആശുപത്രിയില്‍ പോവുകയായിരുന്ന ഹംദാനെ ആംബുലന്‍സ് തടഞ്ഞ് ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്തു. 20ഓളം വരുന്ന മുഖം മൂടിയിട്ട ജൂത കുടിയേറ്റ സംഘമാണ് ഹംദാനെ ആക്രമിച്ചിരിക്കുന്നത്.