ഗാസിയാബാദിലെ കുരങ്ങ് ശല്യം പരിഹരിക്കാന്‍ ആരുമില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ കുരങ്ങ് ശല്യം പരിഹരിക്കാന്‍ ആരുമില്ലെന്ന് അലഹബാദ് ഹൈക്കോടതി. കുരങ്ങ് ശല്യത്തെ കുറിച്ച് എല്ലാ വകുപ്പുകളും പരാതിപ്പെടുമ്പോഴും പരിഹരിക്കാന്‍ ആരും തയ്യാറല്ലെന്ന് ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഒക്ടോബര്‍ 31ന് മുമ്പ് നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് യുപി നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഗാസിയാബാദില്‍ കുരങ്ങ് ശല്യം രൂക്ഷമാണെന്നും കുരങ്ങന്‍മാര്‍ ആളുകളെ ആക്രമിക്കുന്നതായും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായും ഹരജിക്കാര്‍ വാദിച്ചു. നിരവധി തവണ പല വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും അവര്‍ ബോധിപ്പിച്ചു. ഏതാനും കുട്ടികളെയും അടുത്തിടെ കുരങ്ങന്‍മാര്‍ കൊലപ്പെടുത്തിയിരുന്നു.