കൊല്‍ക്കത്ത: വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് തീവണ്ടികളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെജിറ്റേറിയന്‍ ഓപ്ഷന്‍ മാത്രമെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നുള്ളൂ. ഇന്നലെ സര്‍വീസ് ആരംഭിച്ച, ഹൗറയില്‍ നിന്നും കാമ്യഖ്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസിനെ പറ്റിയാണ് വിവാദം. വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ ഭക്ഷണകാര്യത്തില്‍ പ്രധാനമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മത്സ്യവും മാംസവും പ്രധാന ഭക്ഷണവിഭവങ്ങളായ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനില്‍ നോണ്‍ വെജിറ്റേറിയന്‍ ഓപ്ഷന്‍ അനുവദിക്കാത്തത് ഏകീകൃത ഭക്ഷണശീലം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും തൃണമൂല്‍ ആരോപിച്ചു. ആദ്യ വോട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇപ്പോള്‍ പ്ലേറ്റിലും എന്നാണ് പാര്‍ട്ടി എക്‌സില്‍ കുറിച്ചത്.
വന്ദേഭാരത് സ്ലീപ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാമുള്ള സൗകര്യമുണ്ട്. ഇതില്‍ വെജ് ഓപ്ഷന്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. യാത്ര സമയത്തിന് അനുസൃതമായാണ് ഭക്ഷണക്രമം നിശ്ചയിക്കുക. രാവിലെ ചായയും ബിസ്‌ക്കറ്റും ലഭിക്കും. അത്താഴമായി ബംഗാളി ഭക്ഷണവും ആസാമീസ് ഭക്ഷണവും തിരഞ്ഞെടുക്കാന്‍ സാധിക്കും.