അമേരിക്ക ഇസ്രായേലിന്റെ 'പ്രോക്‌സി' ആയി പ്രവര്‍ത്തിക്കുന്നു, അമേരിക്കന്‍ ജനതയോട് ശത്രുതയില്ല; ഇറാന്‍ പ്രസിഡന്റിന്റെ തുറന്ന കത്ത്
തെഹ്‌റാന്‍: സാധാരണക്കാരായ അമേരിക്കന്‍ ജനതയോട് ഒട്ടും ശത്രുത പുലര്‍ത്തുന്നില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ബുധനാഴ്ച അമേരിക്കന്‍ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ സര്‍ക്കാര്‍ ഇസ്രയേലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു 'പ്രോക്‌സി' ആയി പ്രവര്‍ത്തിക്കുകയാണ്. യുദ്ധങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് അമേരിക്കന്‍ ജനത ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക ചരിത്രത്തില്‍ ഇറാന്‍ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേല്‍ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിര്‍ന്നിട്ടില്ല. പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്‌കിയാന്‍ കത്തില്‍ വ്യക്തമാക്കി.
ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കോ നിലവിലെ വസ്തുതകള്‍ക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെയും യൂറോപ്പിലെയും അയല്‍രാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാന്‍ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സര്‍ക്കാരുകളെയും ജനങ്ങളെയും വേര്‍തിരിച്ചു കാണാന്‍ ഇറാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് ഇറാനിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിര്‍ത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. പെസെഷ്‌കിയാന്‍ ചൂണ്ടിക്കാട്ടി.
