മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ദിലീപ് ഡിലീറ്റ് ചെയ്തതിന് തെളിവില്ലെന്ന് കോടതി

Update: 2025-12-13 01:14 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന് വിചാരണക്കോടതി. പോലിസിന് ഫോണ്‍ നല്‍കുന്നതിന് മുമ്പ് തന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് ദിലീപ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കിയത് മാപ്പുസാക്ഷിയായ സാങ്കേതിക വിദ്ഗദന്‍ സായ് ശങ്കറാണ്. അയാള്‍ കോടതിയില്‍ മറ്റൊരു മൊഴിയുമാണ് നല്‍കിയത്. പോലിസിനെ ഭയന്ന് കള്ളമൊഴി നല്‍കിയെന്നാണ് ഈ മൊഴി. കേസിലെ 67ാം സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്, സായ് ശങ്കര്‍ കീഴടങ്ങുന്നതില്‍ പങ്കുണ്ടെന്ന് പറയുന്നു. നികേഷ് പറഞ്ഞത് പ്രകാരം സായ് സങ്കര്‍, ശ്രീജിത്ത് ഐപിഎസിന്റെ ഓഫിസില്‍ പോയെന്ന് പറയുന്നു. പക്ഷേ, വിസ്താരത്തില്‍ നികേഷ് കുമാര്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

''ദിലീപിനെ പൂട്ടണം'' എന്ന പേരില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് ദിലീപ് തന്നെ നിര്‍മിച്ചെന്ന ആരോപണവും കോടതി തള്ളി. ആഷിക് അബു, നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ്,ലിബര്‍ട്ടി ബഷീര്‍, വേണു, ടി ബി മിനി, സന്ധ്യ ഐപിഎസ് എന്നിവരെ ആരോ ഈ ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നു. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ സ്‌ക്രീന്‍ഷോട്ടാണ് ഈ ഗ്രൂപ്പിന്റെ കാര്യം പുറത്തുവരാന്‍ കാരണമെന്ന് പറയുന്നു. പക്ഷേ, ഷോണ്‍ ജോര്‍ജിനെ കോടതിയില്‍ വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ സാക്ഷിയായ പ്രമോദ് രാമനെ കോടതി വിസ്തരിച്ചു. തന്നെ ക്രൈംബ്രാഞ്ച് വിളിച്ചപ്പോഴാണ് ഗ്രൂപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് പ്രമോദ് രാമന്‍ മൊഴി നല്‍കി. ഗ്രൂപ്പുണ്ടാക്കിയത് ആരാണെന്ന് അറിയില്ലെന്നും മൊഴി നല്‍കി. അതിനാല്‍ തന്നെ ഈ ഗ്രൂപ്പുണ്ടാക്കിയത് ആരാണെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു.