കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മരിച്ച വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം അല്‍പ സമയത്തിനകം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
നിതിന്റെ മരണത്തില്‍ ചക്കരക്കല്‍ പോലിസ് അന്വേഷണം തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കും. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരേ ഗുരുതര പരാതിയുമായിട്ടാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് പിതാവ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
