ഇഫ്താര്‍ വിവരം ലൗഡ്‌സ്പീക്കറിലൂടെ അറിയിച്ച ഇമാം അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍
ലഖ്‌നോ: മസ്ജിദിലെ ഇഫ്താര്‍ വിവരം ലൗഡ്‌സ്പീക്കറിലൂടെ അറിയിച്ചതിന് ഇമാം അടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ സയ്യിദ് നഗര്‍ ചൗക്കിയിലെ മനക്പൂര്‍ ബജാരിയ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. മസ്ജിദിലെ ലൗഡ്‌സ്പീക്കറുകള്‍ പിടിച്ചെടുത്ത പോലിസ് അവ സറ്റേഷനിലേക്ക് കൊണ്ടുപോയി. മനക്പൂര്‍ ബജാരിയ ഗ്രാമത്തില്‍ 20 മുസ്‌ലിം കുടുംബങ്ങളാണുള്ളത്. ഞായറാഴ്ച്ച വിപുലമായ ഇഫ്താറാണ് പള്ളിയില്‍ ഒരുക്കിയിരുന്നത്.
ഇഫ്താര്‍ പ്രഖ്യാപനമുണ്ടായതോടെ ഗ്രാമത്തിലെ ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ പോലിസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് ഇമാം അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ ജയിലില്‍ അടച്ചു. ഒരു സമുദായത്തെ ഭരണകൂടം ലക്ഷ്യമിടുന്നതിന്റെ തെളിവാണ് സംഭവമെന്ന് പ്രദേശത്തെ പണ്ഡിതനായ മൗലാനാ റാഷിദ് അഹ്മദ് പറഞ്ഞു.
''ആരാധനാലയങ്ങളില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കല്‍ സാധാരണ സംഭവമാണ്. എന്തുകൊണ്ടാണ് മസ്ജിദിനോട് മാത്രം വ്യത്യസ്ത സമീപനം''-അദ്ദേഹം ചോദിച്ചു. അറസ്റ്റും ലൗഡ്‌സ്പീക്കറുകള്‍ പിടിച്ചെടുത്തതും അപകടകരമായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രദേശവാസിയായ അഡ്വ. ശാരീഖ് അന്‍വര്‍ പരഞ്ഞു. അറസ്റ്റിലായവരെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.