കൊലപാതകത്തിന് ശിക്ഷ മരണം; ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് തലാലിന്റെ സഹോദരന്‍
സന്‍ആ: യെമനി പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള നീക്കങ്ങളെ എതിര്‍ത്ത് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'' മുന്‍ വര്‍ഷങ്ങളില്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും ഞങ്ങളുടെ നിലപാടില്‍ ഒരിഞ്ച് പോലും മാറ്റമുണ്ടാക്കിയിട്ടില്ല. ഒരാള്‍ കൊല്ലപ്പെട്ടാല്‍ പകരം മരണശിക്ഷ നല്‍കുകയെന്നതാണ് നിയമം. അത് മാത്രമേ ഞങ്ങള്‍ക്ക് സ്വീകാര്യമാവൂ. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത് അപ്രതീക്ഷിതമാണ്. ഞങ്ങള്‍ ഒരു അനുരഞ്ജനത്തിനും തയ്യാറാവുകയില്ല എന്ന് അവര്‍ക്കറിയമെന്നിരിക്കേ ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. വധശിക്ഷാ തിയ്യതി തീരുമാനിച്ച ശേഷമുള്ള അനുരഞ്ജനം ഒരു തരത്തിലും സാധ്യമല്ല. വധശിക്ഷ നടപ്പാക്കുന്നതു വരെ ഞങ്ങള്‍ ഇതിന്റെ പിന്നാലെയുണ്ടാവും. ശിക്ഷ വൈകുന്നതോ സമ്മര്‍ദ്ദമോ ഒരു മാറ്റവും സൃഷ്ടിക്കില്ല. പണം നല്‍കി രക്തം വാങ്ങാനാവില്ല. സത്യം മറച്ചുവയ്ക്കാനാവില്ല. എത്ര തന്നെ വൈകിയാലും കൊലപാതകത്തിനോടുള്ള പ്രതികാരം നടപ്പിലാവുക തന്നെ ചെയ്യും''- അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.