മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും. 7.30 ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറക്കും. എട്ട് മണിക്ക് ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. 8.10 ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണി തുടങ്ങും. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഏകദേശം 11 മണിയോടെ ഫലം അറിയാനാവും.
എല്‍ഡിഎഫിന്റെ സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ളപ്പോഴാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്‍വര്‍ ആരംഭിച്ച കലഹം പിന്നീട് ആഭ്യന്തര വകുപ്പിനും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള കലാപമായി വളര്‍ന്നു. ഈ കലാപം ആദ്യം എല്‍ഡിഎഫിനു പുറത്തേക്ക് അന്‍വറിനു വഴിതുറക്കുകയും തുടര്‍ന്ന് അന്‍വറിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു.
ഭരണ-പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ഥികളായ എം സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ക്കു പുറമേ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍, എസ്ഡിപിഐയുടെ അഡ്വ. സാദിഖ് നടുത്തൊടി, ബിജെപിയുടെ മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാന മല്‍സരാര്‍ഥികള്‍.
