നാപാം ഗേള്‍ ഫോട്ടോ എടുത്തത് 'ഇനി മുതല്‍' നിക്ക് ഊട്ടല്ല; പേര് നീക്കം ചെയ്ത് വേള്‍ഡ് പ്രസ് ഫോട്ടോ
വാഷിങ്ടണ്‍: വിയറ്റ്‌നാമില്‍ യുഎസ് നടത്തിയ ഭീകരത ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ 'നാപാം ഗേള്‍' ചിത്രത്തിന്റെ ക്രെഡിറ്റ് വേള്‍ഡ് പ്രസ് ഫോട്ടോ സംഘടന നീക്കം ചെയ്തു. ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിന്റെ പേരാണ് നീക്കം ചെയ്തത്. ഈ ചിത്രം എടുത്തത് ആരാണെന്ന് സംശയം വന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതല്‍ 'അറിയില്ല' എന്നാണ് രേഖപ്പെടുത്തുക.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ 100 ഫോട്ടോകളില്‍ 41ാം സ്ഥാനത്തുള്ള ചിത്രമാണ് 'ദ് ടെറര്‍ ഓഫ് വാര്‍' എന്നും പേരുള്ള 'നാപാം ഗേള്‍'. വിയറ്റ്‌നാമില്‍ യുഎസിന്റെ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന 9 വയസ്സുകാരിയാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിന് 1973ലെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരവും സ്‌പോട്ട് ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചു. ഇതോടെ നിക്ക് ഊട്ട് പ്രശസ്തനായി.
പക്ഷേ, ഈ ചിത്രം മറ്റൊരാള്‍ എടുത്തതാണെന്ന് പറയുന്ന 'ദി സ്ട്രിങര്‍' എന്ന ഡോക്യുമെന്ററി അടുത്തിടെ പുറത്തുവന്നു. അസോഷ്യേറ്റ് പ്രസ് (എപി) സ്റ്റാഫ് ഫൊട്ടോഗ്രഫറായ നിക്ക് ഊട്ട് അല്ല ചിത്രം പകര്‍ത്തിയതെന്നും മറിച്ച്, പ്രാദേശിക ഫ്രീലാന്‍സര്‍ ഫൊട്ടോഗ്രഫറായ നോയന്‍ ടാന്‍ നെ ആണെന്നുമാണ് ഡോക്യുമെന്ററിയിലെ വാദം. 1972 ജൂണ്‍ 8ന് ആണു ചിത്രമെടുത്തത്. എന്‍ബിസി വാര്‍ത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തില്‍ പോയത്. നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു പടം എപിക്കു വില്‍ക്കുകയായിരുന്നുവെന്നും അവകാശവാദമുണ്ടായി. എന്നാല്‍, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള കിം ഫുക് പറഞ്ഞു. നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്.
