മാവോവാദി ബന്ധം ആരോപിച്ച് യുവ ആദിവാസി നേതാവിനെ അറസ്റ്റ് ചെയ്തു

Update: 2025-03-02 14:11 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും സൈനികവല്‍ക്കരണത്തിനുമെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ ആദിവാസി നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മൂല്‍വാസി ബച്ചാവോ മഞ്ച് എന്ന സംഘടനയുടെ നേതാവായിരുന്ന രഘു മിദിയാമിയാണ് (24) അറസ്റ്റിലായിരിക്കുന്നത്. നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.

ആറു ലക്ഷം രൂപയുമായി രണ്ടുപേരെ രണ്ടുവര്‍ഷം മുമ്പ് പോലിസ് പിടികൂടിയിരുന്നു. മാവോവാദികള്‍ക്ക് കൈമാറാനുള്ള പണമാണിതെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ രഘു മിദിയാമിയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ പൗരാവകാശ സംഘടനയായ പിയുസിഎല്‍ അപലപിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബസ്തറിലെ പോലിസ് അതിക്രമങ്ങള്‍ക്കെതിരെ രാജു 30ല്‍ അധികം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതായി പിയുസിഎല്‍ ചൂണ്ടിക്കാട്ടി. ആദിവാസി സ്വയംഭരണം സംബന്ധിച്ച പെസ നിയമവും വനാവകാശ നിയമവും കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് രഘുവെന്നും പിയുസിഎല്‍ ചൂണ്ടിക്കാട്ടി.