തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ ചുമതലയേറ്റപ്പോള്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ എടുത്ത സംഭവങ്ങള്‍ ഹൈക്കോടതിയിലേക്ക്. ദൈവം എന്താണെന്ന് കോടതി വ്യാഖ്യാനിക്കട്ടെയെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ പറയുന്ന 'ദൈവനാമ'ത്തില്‍ എല്ലാദൈവങ്ങളും വരുമോ, അല്ലെങ്കില്‍ ഏതൊക്കെ ദൈവം ഉള്‍പ്പെടും തുടങ്ങിയ കാര്യങ്ങളാണ് വാദത്തില്‍ വരുക. യേശുക്രിസ്തു, അല്ലാഹു എന്നീ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നും ശ്രീനാരായണഗുരു, ഭാരതാംബ തുടങ്ങിയ പേരിലുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും കോടതിവിധിയുണ്ട്.
തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞയില്‍ ദൈവനാമം വലിയ ചര്‍ച്ചയായിരുന്നു. ഭാരതാംബ, ശ്രീനാരായണഗുരു, ശ്രീപത്മനാഭസ്വാമി, അയ്യപ്പന്‍, കമുകിന്‍കോട് ദുര്‍ഗ, ശ്രീകണ്ഠേശ്വരന്‍, ആറ്റുകാലമ്മ, ഉദിയന്നൂരമ്മ, എതിരാളികള്‍ കൊലപ്പെടുത്തിയവര്‍ തുടങ്ങിയവരുടെ പേരുകളിലായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അംഗങ്ങളുടെ പ്രതിജ്ഞ. ഇത്തരം ഏകദേശം 20 പേരുടെ സത്യപ്രതിജ്ഞയില്‍ പ്രശ്‌നമുണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ഹിന്ദുക്കള്‍ക്ക് പല ദൈവങ്ങള്‍ ഉള്ളതിനാല്‍ അവയുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. അങ്ങനെയെങ്കില്‍ 'ദൈവം' എന്ന പദത്തിന്റെ വിശാലാര്‍ഥമാകും കോടതിയില്‍ ചര്‍ച്ചചെയ്യപ്പെടുക. ഇത്തരം സത്യപ്രതിജ്ഞയില്‍ നടപടിയെടുക്കാന്‍ മുനിസിപ്പല്‍-പഞ്ചായത്തീരാജ് ആക്ടില്‍ വ്യവസ്ഥയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞയെന്ന് നിയമത്തില്‍ പറയുമ്പോഴും ഏതൊക്കെ ദൈവങ്ങളുടെ പേരില്‍ ആകാമെന്ന് വിശദീകരിക്കാത്തതാണ് തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും കാരണം.
