ഇറാനിയന്‍ സ്ത്രീകള്‍ ഫാത്വിമയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടവര്‍: ആയത്തുല്ല അലി ഖാംനഈ
തെഹ്‌റാന്‍: ഇറാനിയന്‍ സ്ത്രീകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്വിമയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടവരാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ ഇറാനിയന്‍ സ്ത്രീകള്‍ക്ക് തുല്യമായ അവകാശങ്ങളുണ്ടെന്നും പാശ്ചാത്യ സംസ്‌കാരം കൊണ്ട് അവരെ നശിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. '' സ്ത്രീകളുടെ സ്വത്വത്തിനെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശങ്ങളുണ്ട്. അതാണ് ലോകത്തില്‍ ഏറ്റവും പുരോഗമനപരം. ഫാത്വിമയെ പോലുള്ള നക്ഷത്രങ്ങളില്‍ നിന്നാണ് ഇറാനിയന്‍ സ്ത്രീകള്‍ പാഠങ്ങള്‍ പഠിക്കുന്നത്. ''ആരാധന, വിനയം, നിസ്വാര്‍ത്ഥത, ജനങ്ങള്‍ക്കുവേണ്ടിയുള്ള ത്യാഗം, സഹിഷ്ണുത, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായുള്ള ധീരമായ പ്രതിരോധം, മനസ്സിലാക്കലും രാഷ്ട്രീയ പ്രവര്‍ത്തനവും, വീട്ടുജോലി, കുടുംബം പരിപാലിക്കലും കുട്ടികളെ വളര്‍ത്തലും, ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളില്‍ പങ്കാളിത്തം എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഉന്നത ഗുണങ്ങളാല്‍ അലങ്കരിച്ച സ്ത്രീയാണ് ഫാത്വിമ.''
ദുഷിച്ച പാശ്ചാത്യ, മുതലാളിത്ത സംസ്‌കാരത്തെ ഇസ്‌ലാമിന്റെ വീക്ഷണകോണില്‍ നിന്നും ഇറാന്‍ നിരാകരിക്കുകയാണ്.ലിംഗപരമായ ഇടപെടല്‍, വസ്ത്രധാരണം, എളിമ എന്നിവയിലെ ഇസ്‌ലാമിക നിയന്ത്രണങ്ങള്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും അപകടകരവും ശക്തവുമായ ലൈംഗികാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് ഖാംനഈ പറഞ്ഞു, പാശ്ചാത്യ സംസ്‌കാരം അത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ല. ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകളും പുരുഷന്‍മാരും നിരവധി പൊതുതത്വങ്ങളും ചില വ്യത്യാസങ്ങളുമുള്ള രണ്ട് സന്തുലിത ഘടകങ്ങളാണ്.
ഇസ്‌ലാമില്‍, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, കഴിവ്, സ്വത്വം, പുരോഗതിയുടെ സാധ്യത എന്നിവയുണ്ട്. എന്നാല്‍ മുതലാളിത്ത വീക്ഷണം സ്ത്രീയുടെ സ്വത്വത്തെ പുരുഷനില്‍ കീഴ്‌പ്പെടുത്തുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു, അത് സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കുന്നില്ല. സ്ത്രീകളെ ഭൗതിക ഉപകരണങ്ങളായും ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള വസ്തുക്കളായും കണക്കാക്കുന്നു. കുടുംബ ഘടന നശിപ്പിക്കല്‍, പിതാവില്ലാത്ത കുട്ടികള്‍, പെണ്‍കുട്ടികളെ വേട്ടയാടുന്ന സംഘങ്ങള്‍, സ്വാതന്ത്ര്യത്തിന്റെ പേരിലെ ലൈംഗിക അധാര്‍മികത എന്നിവയല്ലാതെ മുതലാളിത്ത സംസ്‌കാരം ഒന്നും കൊണ്ടുവന്നിട്ടില്ല. തെറ്റുകളുടെ വലിയ നിരയെ അവര്‍ സ്വാതന്ത്ര്യം എന്നു വഞ്ചനാപരമായി വിളിക്കുന്നു. ഇറാനിലും അത്തരം 'സ്വാതന്ത്ര്യം' കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സ്ത്രീകളുടെ അടിമത്തമാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഹിജാബ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ത്രീകളുടെ പുരോഗതിയെ തടസപ്പെടുത്തുന്നുവെന്ന് വാദിക്കുന്ന പാശ്ചാത്യര്‍ അവരുടെ വികലമായ രീതികള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്നു. ഇറാന്‍ ഇതിനെ എതിര്‍ക്കുന്നു. ശാസ്ത്രം, കായികമേഖല, ഗവേഷണം, രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം എന്നിവയില്‍ ഇറാനിയന്‍ സ്ത്രീകള്‍ മുന്നേറി. അതിനാല്‍ ഹിജാബ്, സ്ത്രീകളുടെ വസ്ത്രധാരണം, പുരുഷന്മാരും സ്ത്രീകളും ഇടപെടല്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാശ്ചാത്യ വീക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യരുതെന്നും ഖാംനഈ അഭ്യര്‍ത്ഥിച്ചു.

