നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം: ഡോക്ടര്‍ ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍

Update: 2026-02-18 14:12 GMT

തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടി. നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതില്‍ ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ ആര്‍ഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടന്നു.

പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ ഇന്നലെ ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍ക്കെതിരെ മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ റീന പറഞ്ഞു.