തിരുവനന്തപുരം: കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി ലാഭകരമായ പ്രവര്‍ത്തനം നടത്താനാകുമെന്നും കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കൊല്ലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തില്‍ ഒരു ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. കൊട്ടാരക്കരയിലെ രവിനഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും നിര്‍ദ്ദിഷ്ട ഐടി പാര്‍ക്ക്. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഐടി പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.