ഷിംജിതക്കെതിരേ പുതിയ പരാതി; അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചെന്ന് യുവതി

Update: 2026-01-24 07:25 GMT

കണ്ണൂര്‍: ബസില്‍ ലൈംഗികപീഡനം നടന്നെന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ഷിംജിതക്കെതിരേ പുതിയ പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് സൈബര്‍ പോലിസില്‍ പരാതി നല്‍കിയത്. ഷിംജിത ബസില്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. തന്റെ അനുമതിയില്ലാതെയാണ് ദൃശ്യം പകര്‍ത്തിയതെന്നും പരാതി പറയുന്നു. അതിനാല്‍ ഷിംജിതക്കെതിരേ നടപടി വേണമെന്നും ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. അതേസമയം, ഈ പരാതിയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ശേഖരിക്കാന്‍ മരിച്ച യുവാവിന്റെ ബന്ധുക്കള്‍ അപേക്ഷ നല്‍കി. ഷിംജിതക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം, മറ്റൊരു ബസില്‍ വീഡിയോ ചിത്രീകരിച്ച അപ്‌സ കെ റെജി എന്ന സ്ത്രീക്കെതിരെയും ഷിംജിത കേസിലെ ഇരയായ യുവാവിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശം നടത്തിയ ശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന സ്ത്രീക്കെതിരെയും ഹൈക്കോടതിയെ സമീപിക്കുമെന്ന് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചു.